കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ നിർദേശങ്ങൾ കാറ്റിൽപ്പറത്തി കർണാടകയിൽ രഥോത്സവം. കർണാടകയിലെ പ്രധാന കോവിഡ് ഹോട്ട് സ്പോട്ട് കേന്ദ്രങ്ങളിലൊന്നായ കലബുറഗിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.
ഇരുനൂറോളം പേർ രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുത്തത്. രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതും കലബുറഗിയിലാണ്.
കോവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയെള്ള ക്ഷേത്രത്തിലായിരുന്നു ഉത്സവം. ആഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന് തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിക്കുകയും ഇരുപത് പേർ ചികിത്സയിലും തുടരുന്നതിനിടെയാണ് സംഭവം.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ കർണാടക തുരുവക്കരെ മണ്ഡലത്തിലെ ബിജെപി എംഎൽഎ ജയറാം നിർദേശങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.