ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ പരാജയത്തിലേക്ക്. 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ പ്രജ്വലിനേക്കാള്‍ 17000 ഓളം വോട്ടുകള്‍ക്ക് മുന്നിലാണ്. കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തില്‍നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് പ്രജ്വല്‍ ജനവിധി തേടിയത്.
പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ജനവികാരം ശക്തമായതിനാല്‍ സീറ്റ് കൊടുക്കുന്നില്‍ ബിജെപിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ദേവഗൗഡയുടെ നിര്‍ദേശപ്രകാരം പ്രജ്വലിന് സീറ്റ് നല്‍കുകയായിരുന്നു.
പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വലിനെ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ ഒളിവില്‍ പോയതായതായാണ് വിവരം. കേസിന്റെ തുടക്കത്തില്‍ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന് ഭവാനി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വീട്ടില്‍നിന്ന് മാറുകയായിരുന്നു. സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ എസ്.ഐ.ടി അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചേക്കും.
ഹാസന്‍ മണ്ഡലത്തിലെ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിച്ചത്. ഏപ്രില്‍ 26നാണ് ഹാസനില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ഇതിനിടെ രണ്ടു സ്ത്രീകള്‍ പ്രജ്വലിനെതിരെ പരാതി നല്‍കുകയും ചെയ്തു. പിന്നാലെ സംസ്ഥാന വനിതാ കമീഷന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ പ്രജ്വലിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും, പ്രജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രജ്വലിന്റെ പിതാവും മുന്‍മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.