തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ മോദി അനുകൂലമാധ്യമങ്ങളില്‍ അഴിച്ചുപണി. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ന്യൂസിന്റെ തലപ്പത്ത് മുതല്‍ മാറ്റം പ്രകടമായിരിക്കുന്നത്. ചാനലിന്റെ എഡിറ്റോറിയല്‍- മാനേജ്മെന്റ് തലത്തില്‍ സമൂലഅഴിച്ചുപണി നടത്തി. മോദി അനുകൂല മാധ്യമ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയാണ് സീ ന്യൂസ് അഴിച്ചുപണികള്‍ ആരംഭിച്ചിരിക്കുന്നത്.
സീ ന്യൂസിനെ മോദി സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയെന്ന് അറിയപ്പെടുന്ന സിഇഒ അഭയ് ഓജ, ബിജെപി ബന്ധം പരസ്യമാക്കിയ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പ്രദീപ് ഭണ്ഡാരി എന്നിവരെ സുഭാഷ് ചന്ദ്ര പുറത്താക്കിയിരുന്നു. മറ്റൊരു ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകനായ ദീപക് ചൗരസ്യ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ചാനല്‍ വിട്ടു.
ചാനലിന്റെ പ്രധാന വാര്‍ത്താ അവതാരകനായിരുന്ന ഭണ്ഡാരിയെ ആയിരുന്നു ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പിനുശേഷം എക്സിറ്റ് പോള്‍ അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതും. മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ തെരഞ്ഞെടുപ്പുപരിപാടികളുടെ തത്സമയ സംപ്രേഷണം ചാനല്‍ തല്‍ക്കാലം ഉപേക്ഷിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1992ല്‍ ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ടിവി ചാനലായാണ് സുഭാഷ് ചന്ദ്ര സീ ടിവിക്ക് തുടക്കമിട്ടത്. 2016ല്‍ ഹരിയാനയില്‍നിന്ന് ബിജെപി പിന്തുണയില്‍ രാജ്യസഭയിലെത്തി. പിന്നീട് 2022ല്‍ രാജസ്ഥാനില്‍നിന്ന് ബിജെപി പിന്തുണയില്‍ രാജ്യസഭയിലേക്ക് മത്സരിച്ചെങ്കിലും അദേഹം പരാജയപ്പെട്ടിരുന്നു.