അണ്ണാമലൈക്കെതിരെ തമിഴ്‌നാട്ടില്‍ 'കലാപം'; ഏകാധിപതിയെപ്പോലെ പെരുമാറിയെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍; നാവടക്കണമെന്ന് അണ്ണാ ഡിഎംകെ

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ വിമര്‍ശനവുമായി ബിജെപി. മുതിര്‍ന്ന നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍. അണ്ണാമലൈ അധ്യക്ഷനായശേഷം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ത്തു. പലനേതാക്കളും ഇതു ശരിവെക്കുന്നുണ്ട്. അണ്ണാമലൈയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും കര്‍ക്കശമായ നിലപാടുകളുമാണ് തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്നും അവര്‍ പറഞ്ഞു.

2019 ലോക്സഭ തിരഞ്ഞെടുപ്പിലേതുപോലെ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഇത്തവണ ഏതാനും സീറ്റുകളില്‍ വിജയിക്കാമായിരുന്നു. യാതൊരു കണക്കുകൂട്ടലുകളുമില്ലാതെയാണ് അണ്ണാമലൈ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ഏകാധിപതിയെപ്പോലെ പെരുമാറി. തോല്‍വിയില്‍പ്പോലും അണ്ണാ ഡി.എം.കെ.യെ അപകീര്‍ത്തിപ്പെടുത്തി. താന്‍ അധ്യക്ഷസ്ഥാനത്തു തുടരുകയാണെങ്കില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ.യെ അകറ്റിനിര്‍ത്തുമെന്ന് വെല്ലുവിളിച്ചുവെന്നും അവര്‍ പറയുന്നു.

അതേസമയം, അണ്ണാ ഡിഎംകെ നേതാക്കളും അണ്ണാമലൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അണ്ണാമലൈ നാവടക്കിയിരുന്നെങ്കില്‍ രണ്ടുപാര്‍ട്ടികള്‍ക്കും മികച്ച വിജയമുണ്ടാകുമായിരുന്നുവെന്ന് അണ്ണാ ഡിഎംകെ നേതാവും പ്രതിപക്ഷ ഉപനേതാവുമായ ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു.