ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം; മത്സരച്ചൂടില്‍ ബംഗാള്‍

ലോകസഭ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 50 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ രാത്രി പത്തു മണിയ്ക്ക് അവസാനിച്ചു. ബിജെപി – തൃണമൂല്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ പതിമൂന്നു വീതം മണ്ഡലങ്ങളിലും ബിഹാറിലും മധ്യപ്രദേശിലും എട്ടു മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശില്‍ നാലും ഝാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്‌നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.