പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവന്നാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. അതിനാല്‍ നിലവില്‍ ജിഎസ്ടി ഏര്‍പ്പെടുത്തേണ്ടെന്നാണ് കൗണ്‍സിലില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ വിഷയത്തില്‍ വിശദമായ പരിശോധന നടത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം ഉത്പന്നങ്ങളില്‍ ചുമത്തിയിട്ടുള്ള നികുതി. ഇതിന് മേല്‍ ജിഎസ്ടി വരുന്നതോടെ നികുതി വരുമാനം ഇടിയും. കോവിഡ് കാലത്ത് ഈ വരുമാന നഷ്ടം വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പുനരുജ്ജീവനത്തിനുമായി വലിയ തുക ആവശ്യമായിട്ടുണ്ട്.
നികുതി വരുമാനത്തിലെ കുറവ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ അവകാശപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനയെ തുടര്‍ന്ന് അവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. പരിശോധിച്ച് മറുപടി നല്കാന് നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
Read more
നികുതി സംബന്ധമായ വിഷയമായതിനാല്‍ അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലിന്റേത് ആയിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.