ലോട്ടറി രാജാവിന്റെ ഓഫീസുകളില്‍ വീണ്ടും ഇ.ഡി; സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും റെയിഡ്; 173 കോടിയുടെ സ്വത്തുക്കള്‍ 'ഫ്രീസറില്‍'

ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ തുടര്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. നേരത്തെ ലോട്ടറി വില്‍പനയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിരുന്നു.

ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമാണ് റെയിഡുകള്‍. കോയമ്പത്തൂര്‍ ജില്ലയിലെ തുടിയല്ലൂര്‍ വെള്ളക്കിണറിലെ മാര്‍ട്ടിന്റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്റെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ഓഫിസിലുമാണ് റെയിഡുകള്‍ നടന്നത്. നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read more

കഴിഞ്ഞ ഏപ്രില്‍ 25ന് മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്ന. ജൂണില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 173 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമവിധേയമായി ലോട്ടറി വില്‍പന അനുവദിച്ചിട്ടുണ്ട്. മാര്‍ട്ടിനാണ് ഈ ലോട്ടറി വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കുടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും അതുകഴിഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും അധികൃതര്‍ വ്യക്തമാക്കി.