മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയിലും പള്ളികളിലെ ഉച്ചഭാഷിണികള്‍ വിവാദമാകുകയാണ്. ഇന്ന് പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഒരു സംഘം ശ്രീ റാം സേന പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രതിഷേധിച്ചു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പുലര്‍ച്ചെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ബാങ്ക് വിളിയുടെ സമയത്ത് ഹനുമാന്‍ ചാലിസ മുഴങ്ങിക്കേട്ടത്. സംഭവത്തെ തുടര്‍ന്ന് ബംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെല്‍ഗാം, ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളില്‍ നിന്ന നിരവധി ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വര്‍ഗീയ സംഘര്‍ഷത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കര്‍ണാടകയില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൈസൂരിലെ ഒരു ഹനുമാന്‍ ക്ഷേത്ത്രതില്‍ ഹനുമാന്‍ ചാലിസ ആലപിച്ചുകൊണ്ട് പ്രമോദ് മുത്തലിക്കാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഇത് ഒരു ദിവസത്തെ പ്രതിഷേധമല്ല, പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെയുള്ള ബാങ്ക് വിളി വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാങ്ക്വിളി ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്. മുസ്ലീംങ്ങള്‍ നിയമത്തിന് അതീതരാണെന്ന് തോന്നലുണ്ടാക്കിയത് കോണ്‍ഗ്രസുകാരാണ്. ആരും നിയമത്തിന് അതീതരല്ല. നിയമം പാലിക്കപ്പെടണമെന്നും പ്രമോദ് മുത്തലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.