പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കണം; ഇല്ലെങ്കില്‍ പുറത്ത് നിന്ന് ഹനുമാന്‍ ചാലിസ ആലപിക്കും: രാജ് താക്കറെ

മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉച്ചഭാഷിണികള്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.

പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അവ മാറ്റുന്ന കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് അതില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കണം. അവര്‍ക്ക് വീട് നല്‍കേണ്ടി വന്നാല്‍ ഫാം ഹൗസുകള്‍ എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് എന്തിനാണ് വീട് നല്‍കുന്നത്. വീട് നല്‍കണമെന്നുണ്ടെങ്കില്‍ അത് പാവപ്പെട്ടവര്‍ക്ക് നല്‍കൂ എന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയക്കെതിരെയും അദ്ദേഹം ആരോപണം ഉയര്‍ത്തി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ മുഖ്യമന്ത്രി അവരെ വഞ്ചിക്കുകയാണെന്നാണ് ആരോപണം.