ലോവര്‍ ബര്‍ത്തിന് അധിക നിരക്ക് ഈടാക്കാന്‍ ശുപാര്‍ശ ; നിരക്ക് വര്‍ധന ഉത്സവകാലയാത്രകള്‍ക്ക്

ലോവര്‍ ബര്‍ത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. നിരക്ക് വര്‍ധനവ് ഉത്സവകാലത്തെ യാത്രകളിലാണ് ബാധകമാകുക. ഇത് സംബന്ധിച്ച റെയില്‍വേ നിരക്ക് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. നിര്‍ദേശം അംഗീകരിച്ചാല്‍ ഉത്സവ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.

വിമാനയാത്രക്കാര്‍ മുന്‍സീറ്റുകള്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരുന്നതുപോലെ ട്രെയിനില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള താഴെനിലകളിലെ സീറ്റുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കാമെന്നതാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ഉത്സവ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും മറ്റു സീസണുകളില്‍ നിരക്ക് കുറയ്ക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാന്‍ സാധിക്കും. ട്രെയിനുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read more

പ്രീമിയം ട്രെയിനുകളിലെ നിരക്കില്‍ പരിഷ്്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിനാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഹോട്ടലുകളും വിമാന കമ്പനികളും ടിക്കറ്റുകള്‍ക്ക് കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയങ്ങളില്‍ യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാറുണ്ട്. ഇതേ മാതൃകയില്‍ പണം ഈടാക്കാനാണ് റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. അര്‍ധരാത്രിക്കും പുലര്‍ച്ചെ നാലിനും ഇടയില്‍ യാത്ര അവസാനിപ്പിക്കേണ്ടവര്‍ക്കും ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയില്‍ യാത്ര അവസാനിപ്പിക്കുന്നവര്‍ക്കുമാണ് ഇളവ് ശുപാര്‍ശചെയ്തിട്ടുള്ളത്.