കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

നിരോധിത സംഘടനയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം കൈപ്പറ്റിയെന്നതാണ് കെജ്രിവാളിനെതിരെയുള്ള പരാതി.

1993ലെ ഡല്‍ഹി സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിംഗിനെ മോചിപ്പിക്കാമെന്ന കെജ്രിവാളിന്റെ ഉറപ്പിന്‍മേല്‍ പണം നല്‍കിയതായി ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നു വീഡിയോയിലൂടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതിയിലാണ് നടപടി.

പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് വികെ സക്‌സേന എന്‍ഐഎ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പന്നുവില്‍ നിന്ന് 134 കോടി രൂപ കൈപ്പറ്റിയതായാണ് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ പരാതിയിലുള്ളത്. പരാതിയുടെ ഭാഗമായി നല്‍കിയ ഇലക്ട്രോണിക് തെളിവുകളില്‍ ഫോറന്‍സിക് പരിശോധനയും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.