തെലങ്കാനയില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് മാറ്റാനായി ബസുകള്‍ കാത്തുനില്‍ക്കുന്നു. ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് എംഎല്‍എമാരെ മാറ്റുന്നതിനായി ആഢംബര ബസുകളാണ് കാത്തുനില്‍ക്കുന്നത്.
ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് ബസുകള്‍ തയ്യാറായി നില്‍ക്കുന്നത്. താജ് കൃഷ്ണ ഹോട്ടലിലാണ് എഐസിസി നിരീക്ഷകരും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ക്യാംപ് ചെയ്യുന്നത്. രാവിലെ തന്നെ ഹൈദരാബാദിലെത്താന്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ചതിന് പിന്നാലെയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും കോണ്‍ഗ്രസ് തയ്യാറാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഡികെ ശിവകുമാര്‍, ദീപ ദാസ് മുന്‍ഷി, ഡോ അജയ് കുമാര്‍, കെ മുരളീധരന്‍, കെജെ ജോര്‍ജ്ജ് എന്നിവരെയാണ് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്.
രാഹുല്‍ ഗാന്ധി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ഡികെ ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തിരുന്നു. തൂക്ക് മന്ത്രി സഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിറുത്താനാണ് കോണ്‍ഗ്രസ് നീക്കം.