ലൈഫ് മിഷൻ കോഴക്കേസിൽ സുപ്രീംകോടതിയെ സമീപിച്ച് എം ശിവശങ്കർ. കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയത്. അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നുമാണ് വിശദീകരണം.
സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു.കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണെന്നും ശിവശങ്കർ പറയുന്നു.