കോണ്‍ഗ്രസുകൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കോണ്‍ഗ്രസിനോട് വിമര്‍ശമുണ്ട്. നയങ്ങളില്‍ വ്യക്തതയില്ലാത്ത പാര്‍ടിയാണത്. പക്ഷേ കോണ്‍ഗ്രസിനെ കൂട്ടാതെ, തനിച്ച് ബിജെപിയെ തോല്‍പ്പിക്കാം എന്ന ധാരണ സിപിഎമ്മിനില്ല. അത് കോണ്‍ഗ്രസ് മനസിലാക്കണമെന്നും ബേബി പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്ന് എന്തുകൊണ്ട് ജനങ്ങള്‍ അകന്നു എന്നും സ്വീകരിച്ച നിലപാടുകള്‍ തെറ്റാണെന്ന് തുറന്നു പറയാനും തയ്യാറാകണം. എവിടെയെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധ്യതയുണ്ടോ, അവിടെയെല്ലാം സഹകരിക്കും. പ്രായോഗികമായി സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ സഹകരണം ഉണ്ടാകില്ല.
ത്രിപുരയിലും പശ്ചിമ ബംഗാളിലും സിപിഎമ്മിന് ഉടന്‍ തിരിച്ചുവരാനും ഭരണം പിടിക്കാനും ഉടന്‍ കഴിയും. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ഇടതുപക്ഷം ഒരവസരവും നല്‍കിയിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
ബിജെപിയെയും അവരുടെ നവ ഫാസിസ്റ്റ് നയങ്ങളെയും ചെറുക്കാന്‍ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായി നില്‍ക്കുന്ന എല്ലാ പാര്‍ടികളും ഉത്തരവാദിത്വ ബോധവും ജാഗ്രതയും പക്വതയും കാണിക്കണം. ഇക്കാര്യത്തില്‍ സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ഒരു കുറവും ഉണ്ടാകില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന കടമ ബിജെപിയെ അധികാരത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുക എന്നതാണ്. മാത്രമല്ല, അവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കോശങ്ങളില്‍ കുത്തിനിറച്ച വെറുപ്പും വിദ്വേഷവും വര്‍ഗീയ വിഷവും ഇല്ലാതാക്കുക കൂടി ചെയ്യണമെന്നും എംഎ ബേബി പറഞ്ഞു.