ഭരണഘടന നിലവില്‍ വന്നതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളാണ് രാജ്യമെങ്ങും. അതേ സമയം വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ ഭരണഘടന ആദ്യമായി അച്ചടിച്ച രണ്ടു പ്രസ്സുകള്‍ ആക്രിവിലയ്ക്ക് തൂക്കി വിറ്റതാണ് ആ വാര്‍ത്ത. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് സംഭവം.
രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ഇടം പിടിച്ച ഒന്നാണ് ഇങ്ങനെ വിറ്റത്. ഒന്നരലക്ഷം രൂപയ്ക്കാണ് ഈ ചരിത്ര സ്മാരം വിറ്റത് എന്ന് ഹിന്ദുസ്ഥാന്‍ െൈടംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോവെറിന്‍, മൊണാര്‍ക്ക് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രണ്ടു പ്രസ്സുകള്‍ അന്ന് യുകെയില്‍ നിന്നാണ് എത്തിച്ചത്. നിലവില്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമായിരുന്നു ഈ അപൂര്‍വനിധി.
ഈ പ്രസ്സിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഇതിനോടകം ഏറെ പണം ചെലവഴിച്ചെന്നും ഇതിന്റെ സാങ്കേതികവിദ്യ കലഹരണപ്പെട്ടതു കൊണ്ടാണ് വിറ്റതെന്നാണ് അധികൃതരുടെ വിശദീകരണം. ചരിത്രത്തിലെ പ്രാധാന്യം മുന്‍നിര്‍ത്തി ഇങ്ങനെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയാല്‍ പിന്നെ മറ്റൊന്നിനും സ്ഥലം കാണില്ല എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.