പൗരത്വ നിയമ ഭേദഗതിയെയും(സി.എ.എ) ദേശീയ പൗരത്വ പട്ടികയെയും (എൻആർസി) “രണ്ട് വ്യത്യസ്ത രീതികളിൽ” കാണാമെന്നും അവ നടപ്പിലാക്കുന്നതിൽ തെറ്റില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എ ഹർദീപ് സിംഗ് ഡുംഗ്.
“പാകിസ്ഥാനിൽ നമ്മുടെ സഹോദരങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ ഇന്ത്യയിൽ ആവശ്യമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താൽ എതിർപ്പില്ല,” സിഎഎയെ പിന്തുണച്ചുകൊണ്ട് മന്ദ്‌സൗറിലെ സുവസ്രയിൽ നിന്നുള്ള എം.എൽ.എ ഹർദീപ് സിംഗ് ഡുംഗ് പറഞ്ഞു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയാൽ ഒരു കുഴപ്പവുമില്ലെന്ന് ഹർദീപ് സിംഗ് ഡുംഗ് പറഞ്ഞു.
എന്നിരുന്നാലും, വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്നവരോട് അവരുടെ ദേശീയത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അത് തെറ്റാണെന്ന് എൻആർസി നടപ്പാക്കുന്നതിലെ തന്റെ ഒരു എതിർപ്പ് ഹർദീപ് സിംഗ് ഡംഗ് ഉന്നയിച്ചു.
ആർട്ടിക്കിൾ 370 ന്റെ വിഷയത്തിൽ നേരത്തെ ഹർദീപ് സിംഗ് കോൺഗ്രസ് പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി കേന്ദ്ര സർക്കാരിനെ പിന്തുണച്ചിരുന്നു.
സിഎഎയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ബി.ജെ.പി ദേശീയ പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മധ്യപ്രദേശിലെ ജബൽപൂർ സന്ദർശിക്കാനിരിക്കെ ആണ് ഹർദീപ് സിംഗ് ഡുംഗിന്റെ പ്രസ്താവന.
അതേസമയം, സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇതിനകം പറഞ്ഞിട്ടുണ്ട്.