മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു

വിശ്വാസ വോട്ടെടുപ്പിനു മുമ്പേ രാജി വെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഇതോടെ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബി.ജെ.പി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എം.എല്‍.എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.

ഒരു അട്ടിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതിനിടെ ഒരു ബിജെപി എം.എല്‍.എ രാജിവെച്ചതും ശ്രദ്ധേയമാണ്.