എംഎസ് സുബ്ബുലക്ഷ്മിയുടെ പേരില്‍ ടിഎം കൃഷ്ണക്ക് അവാര്‍ഡ് നല്‍കേണ്ട; സംഗീതജ്ഞയുടെ ചെറുമകന്‍ നടത്തിയ പേരാട്ടം വിജയിച്ചു; നിര്‍ണായക ഉത്തരവുമായി ഹൈകോടതി

പ്രശസ്ത സംഗീതജ്ഞയായ അന്തരിച്ച എംഎസ് സുബ്ബുലക്ഷ്മിയുടെ പേരില്‍ ടിഎം കൃഷ്ണക്ക് ചെന്നൈ മ്യൂസിക് അക്കാദമി അവാര്‍ഡ് നല്‍കരുതെന്ന് മദ്രാസ് ഹൈകോടതി. സുബ്ബുലക്ഷ്മിയുടെ ചെറുമകന്‍ വി ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ജി ജയചന്ദ്രനാണ് നിര്‍ണായക വിധി ഉത്തരവിട്ടത്. സുബ്ബുലക്ഷ്മിക്കെതിരെ എംഎസ് കൃഷ്ണ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ചെറുമകന്‍ രംഗത്തെത്തിയത്.

കൃഷ്ണക്ക് ‘സംഗീത കലാനിധി എം.എസ്. സുബ്ബുലക്ഷ്മി അവാര്‍ഡ്’ നല്‍കാനാണ് അക്കാദമി തീരുമാനിച്ചിരുന്നത്. കൃഷ്ണയുടെ നേട്ടങ്ങള്‍ അംഗീകരിക്കാമെങ്കിലും അവാര്‍ഡിന് സംഗീതജ്ഞയായ എംഎസ് സുബ്ബുലക്ഷ്മിയുടെ പേര് നല്‍കരുതെന്ന് കോടതി വിധിച്ചു. കൃഷ്ണക്ക് അക്കാദമി അവാര്‍ഡ് നല്‍കുന്നതിനോട് വിരോധമില്ല. അതേസമയം, സുബ്ബുലക്ഷ്മിയുടെ പേരിലാവരുതെന്ന് മാത്രമാണ് നിഷ്‌കര്‍ഷിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

2024 മാര്‍ച്ച് 17നാണ് മ്യൂസിക് അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചത്. നിരവധി കര്‍ണാടക സംഗീതജ്ഞര്‍ ഇതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. അക്കാദമിയുടെ ഡിസംബറിലെ കച്ചേരി ബഹിഷ്‌കരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ണാടകസംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍കൊണ്ട് വിമര്‍ശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തപുരസ്‌കാരം നല്‍കുന്നതുപോലെയാണെന്നും ഹര്‍ജിക്കാരനായ വി. ശ്രീനിവാസന്‍ പറഞ്ഞു.

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്‌കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മാര്‍ച്ച് 17-നായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. അവാര്‍ഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായി ശ്രീനിവാസന്റെ ഹര്‍ജിയില്‍ വ്യക്തമാക്കി.

പുരസ്‌കാരജേതാക്കളെ തീരുമാനിക്കുന്നത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും തീരുമാനത്തില്‍ അക്കാദമി ഭരണസമിതിക്ക് പങ്കൊന്നുമില്ലെന്നും മ്യൂസിക് അക്കാദമി ഹൈക്കോടതിയെ അറിയിച്ചു.