പ്രധാനമന്ത്രിയെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിന് പിന്നാലെ വിലക്കേര്‍പ്പെടുത്തിയ തമിഴ് വാരിക വികടന്റെ വെബ്‌സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന് വികടന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കാര്‍ട്ടൂണ്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും അതില്‍ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. കാര്‍ട്ടൂണ്‍ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്‌സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വെബ്‌സൈറ്റിലെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു കാര്‍ട്ടൂണ്‍.
Read more
ഇതിന് പിന്നാലെയാണ് വികടന്റെ വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. കേസ് മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.