ഇന്ത്യയില്‍ ടിക് ടോക് നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം മൊബൈല്‍ ആപ്പുകള്‍ കുട്ടികളെ ഡിജിറ്റല്‍ അടിമകളാക്കുന്നതിനാല്‍ ബംഗ്ലാദേശും ഇന്‍ഡോനേഷ്യ സര്‍ക്കാരും ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ചില്‍ഡ്രന്‍ ഓണ്‍ലൈന്‍ പ്രൈവസി ആക്ടും കൊണ്ടു വന്നിട്ടുണ്ട് ഈ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയും ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി 16 നുളളില്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാണു ആവശ്യപ്പെട്ടിട്ടുണ്ട്.
ടിക് ടോക് ആപ്ലിക്കേഷനു വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മധുര സ്വദേശിയായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ സ്വകാര്യത ലംഘിക്കുന്നതിനാല്‍ ആളുകള്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകള്‍ക്കു കോടതി വിലക്കേര്‍പ്പെടുത്തി. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാസ്യപരിപാടികള്‍ക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകള്‍ സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഇത്തരം വീഡിയോകള്‍ ആത്മഹത്യയ്ക്കു കാരണമായ സംഭവങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെ മുന്‍നിര്‍ത്തിയാണു പ്രാങ്ക് വിഡിയോകള്‍ വിലക്കിയത്.
Read more
ബ്ലൂവെയില്‍ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്നു സര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏര്‍പ്പെടുത്തുമെന്നു വിചാരിക്കരുത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു.