മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ഇന്ന് ചോദ്യം ചെയ്യും. മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. സുദര്‍ശന്‍ പദ്മനാഭനെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക എന്നാണ് വിവരം. കാമ്പസിലെത്തി അന്വേഷണസംഘം വീണ്ടും തെളിവെടുക്കും.അതേസമയം പ്രതിപക്ഷം വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും.
ഫാത്തിമയുടെ സഹപാഠികളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ആരും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല. ഫാത്തിമയുടെ കുടുംബം ഉന്നയിച്ച സംശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് സരയൂ ഹോസ്റ്റിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം.
ഫാത്തിമയുടെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആഭ്യന്തര അന്വേഷണം ഐഐടി പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തില്‍ സമഗ്ര പരിശോധന ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഒരു വിഭാഗം ഐഐടി വിദ്യാര്‍ത്ഥികള്‍ ഭാഗമായ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍ വ്യക്തമാക്കി