ഫെബ്രുവരി ആദ്യ പകുതിയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്ന് മദ്രാസ് ഐ.ഐ.ടി പഠനം

രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15 നും ഇടയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. രോഗ പകര്‍ച്ചാ നിരക്ക് ( ആര്‍ വാല്യൂ)ഈ ആഴ്ച 4 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം തരംഗം ഫെബ്രുവരിയില്‍ അതിരൂക്ഷമാകും എന്നാണ് ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാക്കുന്നത്.

രോഗബാധിതനായ ഒരാള്‍ക്ക് രോഗം പകരാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് R-naught അല്ലെങ്കില്‍ R0. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ ദേശീയ തലത്തില്‍ 2.9 ന് അടുത്തായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4 ആയിരുന്നു. R0 1 ല്‍ താഴെ പോകുമ്പോള്‍ മാത്രമേ ഒരു മഹാമാരി അവസാനിക്കുന്നതായി കണക്കാക്കാന്‍ കഴിയൂ. ഇത് ഉയരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.

പകര്‍ച്ചവ്യാപന സാധ്യത, സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ മൂല്യം കണക്കാക്കുന്നതെന്നും ഐ.ഐ.ടി. മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറഞ്ഞു. മുന്‍ തരംഗങ്ങളില്‍ നിന്ന് മൂന്നാം തരംഗം വ്യത്യസ്തമായിരിക്കും. മുന്‍ തരംഗങ്ങളേക്കാല്‍ ഇത്തവണ തീവ്രത കൂടും. വാക്‌സിനേഷന്‍ നിരക്ക് കൂടിയെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നത് കുറവാണ്. ആദ്യ തരംഗത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ധാരാളം കേസുകള്‍ ഉണ്ടായിട്ടും ഇതുവരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതോടെ രോഗ പകര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ ആകുമെന്ന് അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

ജനസംഖ്യയുടെ 50 ശതമാനവും ഇത്തവണ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട് എന്ന് ആശ്വാസകരം തന്നെയാണ്. ഐഐടി മദ്രാസിലെ ഗണിതശാസ്ത്ര വകുപ്പും പ്രൊഫസര്‍ നീലേഷ് എസ് ഉപാധ്യേ, പ്രൊഫ എസ് സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സിനായുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സും സംയുക്തമായാണ് പ്രാഥമിക വിശകലനം നടത്തിയത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ അതീവ്ര അവസ്ഥയില്‍ പോലും 1.69 ആയിരുന്ന രോഗ പകര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ 2.69 ആയത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാകുന്നതിന് കാരണം ഒമൈക്രോണ്‍ വകഭേദം ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.