മധുരയില്‍ അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണിയെന്ന് പ്രഖ്യാപിച്ച് ഹോട്ടലുടമ ഒടുവില്‍ പുലിവാല് പിടിച്ചു. കച്ചവടം കൂട്ടാനായി ഹോട്ടലുടമ കണ്ട മാര്‍ഗമായിരുന്നു ഈ വമ്പന്‍ ഓഫര്‍. ഓഫര്‍ കേട്ട് നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാന്‍ അഞ്ചു പൈസയുമായെത്തിയപ്പോഴാണ് ഒടുക്കം പുലിവാല് പിടിച്ചത് താനാണെന്ന് ഹോട്ടലുടമക്ക് മനസിലായത്.
മാസ്ക് പോലും ധരിക്കാതെ നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാന്‍ അഞ്ചു പൈസയുമായെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാതെ ബിരിയാണിക്ക് വേണ്ടി കൂട്ടം കൂടിയ ജനങ്ങളെ ഒടുക്കം പൊലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു.
മധുരയ്ക്കടുത്തുള്ള സെല്ലൂരില്‍ സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണി സൗജന്യമെന്നതായിരുന്നു ഓഫര്‍. കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം കൂടിയാണ് ഈ ഓഫറിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, മാസ്കു ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ ആളുകള്‍ തടിച്ചുകൂടിയതാണ് ഹോട്ടലുടമയെ വെട്ടിലാക്കിയത്. തിരക്കു കൂടിയതോടെ ഗത്യന്തരമില്ലാതെ ഹോട്ടലുടമ കടയുടെ ഷട്ടറിടുകയായിരുന്നു.