പ്രധാനമന്ത്രിയോട് ലോക്ക്ഡൗൺ നീട്ടണമെന്ന് മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാർ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ മനസിലാക്കുന്നതിനും ഏപ്രിൽ 14 വരെ രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ സംബന്ധിച്ച നിർദേശങ്ങൾ രേഖപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പ്രധാന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഒരു വീഡിയോ കോൺഫറൻസ് നടത്തി. ഇന്ത്യയിൽ ഇതുവരെ 235 ലധികം പേർ മരിക്കുന്നതിനിടയാക്കിയ കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി പ്രധാനമന്ത്രി മാർച്ച് 24 നാണ് രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരിൽ പിണറായി വിജയൻ (കേരളം) യോഗി ആദിത്യനാഥ് (യുപി), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), അമരീന്ദർ സിംഗ് (പഞ്ചാബ്), നിതീഷ് കുമാർ (ബീഹാർ), മമത ബാനർജി (പശ്ചിമ ബംഗാൾ), മനോഹർ ലാൽ ഖത്തർ (ഹരിയാന) അശോക് ഗെലോട്ട് (രാജസ്ഥാൻ), കെ ചന്ദ്രശേഖർ റാവു (തെലങ്കാന), ബി എസ് യെദ്യൂരപ്പ (കർണാടക), ഭൂപേഷ് ബാഗേൽ (ഛത്തീസ്‌ഗഢ്) , നവീൻ പട്‌നായിക് (ഒഡീഷ), വി നാരായണസാമി (പുതുച്ചേരി), ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ്) എന്നിവർ ഉൾപ്പെടുന്നു.

രാജ്യവ്യാപകമായ ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അന്തിമ ആഹ്വാനം ഉണ്ടാവുന്നതിന് മുമ്പ് എല്ലാ സാധ്യതകളും കേന്ദ്രസർക്കാർ പരിഗണിക്കുക എന്നതായിരുന്നു വീഡിയോ കോൺഫറൻസിന്റെ ലക്ഷ്യം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ശുപാർശ ചെയ്ത തരത്തിലുള്ള വീട്ടിൽ നിർമ്മിച്ച മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 ന് ആരംഭിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. “ഞാൻ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഫോണിൽ സംസാരിക്കാം. ഞാൻ നിങ്ങൾക്ക് 24×7 ലഭ്യമാണ്,” പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞാണ് കോൺഫറൻ ആരംഭിച്ചത്.

കോവിഡ് -19 പകർച്ചവ്യാധി മൂലം രാജ്യത്തിന് ഇനിയും ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ ആരോഗ്യസംരക്ഷണ സംവിധാനത്തെ അനുവദിക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ നിർദ്ദേശിച്ചു.

കോവിഡ് -19 ന്റെ വ്യാപനം തടയാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രസർക്കാരിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ദ്രുത പരിശോധന കിറ്റുകളുടെ വേഗത്തിലുള്ള വിതരണമെന്ന ആവശ്യത്തോടൊപ്പം വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രത്യേക ഇളവുകൾ തേടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കർഷകർക്ക് ബോണസും ശുപാർശ ചെയ്തു. നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെങ്കിൽ തന്നെ ഒരു സാഹചര്യത്തിലും റോഡുകളിലോ റെയിൽ‌വേയിലോ വിമാനത്തിലോ ഗതാഗതം ആരംഭിക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

അതേസമയം, കൂടുതൽ സേവന മേഖലകളെ ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രിമാരുടെ ഉപദേശം തേടിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ രണ്ടാമത്തെ വെർച്വൽ മീറ്റിംഗാണിത്.

ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മാർച്ച് 20 ന് നടന്ന ആദ്യ യോഗത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടിയിരുന്നു. ഏപ്രിൽ രണ്ടിന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായുള്ള വീഡിയോ ആശയവിനിമയത്തിനിടെ നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗൺ പിൻവലിക്കുംന്നതിനെക്കുറിച്ചുള്ള അഭിപ്രായം തേടിയിരുന്നു.

ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്.