ഫഡ്‌നാവിസിന് സന്തോഷം, അസ്വസ്ഥനായി ഷിന്‍ഡെ, ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത് സുപ്രിയ സുലേ; താക്കറേമാരുടെ ഒന്നിക്കലില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പിരിമുറുക്കം

മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് ബിജെപി സര്‍ക്കാരിന്റെ ത്രിഭാഷ നയം നടപ്പാക്കല്‍. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒപ്പിട്ടതോടെ മറാത്താവാദം മഹാരാഷ്ട്രയില്‍ വീണ്ടും ഉയരുകയാണ്. മറാത്താവാദം ഉയര്‍ത്തി മറാത്തികള്‍ക്ക് വേണ്ടി ഉണ്ടായ ശിവസേനയും അവിടെ നിന്ന് പിരിഞ്ഞുണ്ടായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും വിദ്യാഭ്യാസ നയം ചര്‍ച്ചയായതിന് പിന്നാലെ ഒന്നിക്കലിന്റെ സൂചനകളാണ് നല്‍കുന്നത്. അവിഭക്ത ശിവസേനയില്‍നിന്ന് പിരിഞ്ഞ് 2005-ല്‍ രാജ് താക്കറേ എംഎന്‍എസ് സ്ഥാപിച്ചതാണ് താക്കറേ കുടുംബത്തില്‍ രാഷ്ട്രീയവിള്ളലിന് കാരണമായത്. കസിന്‍സിന്റെ പിണക്കം മാറി ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കാനായുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ അനന്തിരവനാണ് രാജ് താക്കറെ. ശിവസേന പിളര്‍ത്തി പാര്‍ട്ടി ചിഹ്നവും പേരുമെല്ലാം ഏക്‌നാഥ് ഷിന്‍ഡേ കൊണ്ടുപോയെങ്കിലും ബാല്‍ താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ ശിവസേന യുബിടിയുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തുണ്ട്.

ശിവസേനയുടെ പിളര്‍പ്പും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വലിയ മേല്‍ക്കൈ കിട്ടാത്തതുമെല്ലാം മറാത്താവാദി പാര്‍ട്ടികളെ പിന്നോട്ടടിക്കുമ്പോഴാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത താക്കറെ കുടുംബത്തില്‍ ഉണ്ടാകുന്നത്. ഉദ്ദവിന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാല്‍ താക്കറേയുടെ സഹോദരന്‍ ശ്രീകാന്ത് താക്കറേയുടെ മകനാണ് രാജ് താക്കറെ. രണ്ട് വ്യത്യസ്ത പരിപാടികളില്‍വെച്ചാണ് ഒരുമിച്ചേക്കുമെന്ന സൂചനകള്‍ രാജ് താക്കറേയും ഉദ്ദവും നല്‍കിയത്. രാഷ്ട്രീയ വൈരത്തിനും മുകളിലാണ് മഹാരാഷ്ട്രയുടെ ഭാഷാ-സാംസ്‌കാരിക താല്‍പര്യങ്ങളെന്ന് വ്യക്തമാക്കിയാണ് ഇരുനേതാക്കളും ഒന്നിക്കാനുള്ള സാഹചര്യം വ്യക്തമാക്കിയത്. നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കറുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് രാജ് താക്കറേ നിലപാട് വ്യക്തമാക്കിയത്. ഉദ്ധവും രാജും തമ്മില്‍ ഒരുമിക്കുമോ എന്ന ചോദ്യത്തിന് ഇങ്ങനെയാണ് രാജ് താക്കറെ മറുപടി നല്‍കിയത്.

എനിക്കും ഉദ്ധവിനും ഇടയിലുള്ള തര്‍ക്കങ്ങളും കലഹങ്ങളും നിസ്സാരമാണ്. മഹാരാഷ്ട്ര അതിനേക്കാളൊക്കെ വലുതാണ്. ഈ ഭിന്നതകള്‍മൂലം മഹാരാഷ്ട്രയുടെ നിലനില്‍പ്പിനും മറാത്തജനങ്ങള്‍ക്കും വലിയ വിലനല്‍കേണ്ടിവരികയാണ്. ഒരുമിച്ചു ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഇച്ഛാശക്തിയുടെ വിഷയമാണ്. ഇത് കേവലം എന്റെ മോഹമോ സ്വാര്‍ഥതയോ അല്ല. നാം വിശാലമായ കാഴ്ചപ്പാടോടെ വേണം സമീപിക്കാന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മറാത്തികള്‍ ഒത്തുചേര്‍ന്ന് ഒരു പാര്‍ട്ടി രൂപവത്കരിക്കണം.

2005ല്‍ താന്‍ ശിവസേന വിട്ടതും 2022-ല്‍ ഏക്നാഥ് ഷിന്‍ഡെ ഉണ്ടാക്കിയ പിളര്‍പ്പും തമ്മിലുള്ള വ്യത്യാസം രാജ് താക്കറെ ഊന്നിപ്പറയുന്നുമുണ്ട്. അന്ന് പാര്‍ട്ടി അധ്യക്ഷനായ ഉദ്ദവ് താക്കറെയെ ഒറ്റിയാണ് ഏക്നാഥ് ഷിന്‍ഡെ ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് രാജ് താക്കറെ ചൂണ്ടിക്കാണിക്കുന്നു. എംഎല്‍എമാരും എംപിമാരും തന്നോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് താന്‍ ശിവസേന വിട്ടതെന്നും ബാലാസാഹേബ് താക്കറെ ഒഴികെ മറ്റാരുടെയും കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലാത്തതിനാല്‍ താന്‍ ഒറ്റയ്ക്ക് നടക്കാന്‍ തീരുമാനിച്ചുവെന്നും രാജ് താക്കറെ പറയുന്നു.

ഉദ്ദവിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല ചോദ്യം മറുവശത്ത് എന്നോടൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമുണ്ടോ എന്നാണ്. മഹാരാഷ്ട്ര ഞങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, മറാത്തികള്‍ ഈവശ്യപ്പെടട്ടെ. ഇത്തരം കാര്യങ്ങളില്‍ എന്റെ ഈഗോ ഇടയില്‍ വരാന്‍ ഞാന്‍ അനുവദിക്കില്ല.

സമാന നിലപാട് ഉദ്ദവ് താക്കറേയും വ്യക്തമാക്കിയതാണ് ഭരണകക്ഷികളെ അസ്വസ്ഥരാക്കുന്നത്. ഭാരതീയ കാംഗര്‍ സേന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് ഉദ്ധവ് താക്കറേ തന്റെ നിലപാട് വ്യക്തമാക്കിയത്. നിസ്സാര തര്‍ക്കങ്ങള്‍ വിട്ടുകളയാന്‍ താന്‍ തയ്യാറാണെന്നും മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഒരുമിക്കാന്‍ എല്ലാ മറാത്തികളോടും അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങള്‍ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നെന്ന് ഞങ്ങള്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അന്ന് ഒരുമിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് രൂപം നല്‍കാമായിരുന്നുവെന്നും ഉദ്ദവ് കുറ്റപ്പെടുത്തി. ഒരുദിവസം അവരെ പിന്തുണച്ചു അടുത്തദിവസം അവരെ എതിര്‍ത്ത് വീണ്ടും ഒത്തുതീര്‍പ്പിലെത്തി, അങ്ങനെ പക്ഷങ്ങള്‍ മാറിക്കൊണ്ടിരിക്കാന്‍ കഴിയില്ലെന്നും ഉദ്ദവ് വ്യക്തമാക്കി. രാജ് താക്കറേയോടുള്ള നിലപാട് വ്യക്തമാക്കുന്നതിനൊപ്പം ബിജെപിയെ ലക്ഷ്യമിട്ട് ബിജെപിയുടെ ഹിന്ദി നയത്തെ ഓര്‍മ്മിപ്പിച്ച് മഹരാഷ്ട്രയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സ്വാഗതംചെയ്യില്ലെന്ന് കൂടി വ്യക്തമാക്കിയിട്ടുണ്ട് ഉദ്ദവ്.

Read more

ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇത് സംബന്ധിച്ച ചോദ്യങ്ങളോടെല്ലാം സന്തോഷമെന്ന പ്രതികരണമാണ് നടത്തിയത്. ഇരു നേതാക്കളും ഒന്നിക്കുന്നതായുള്ള വാര്‍ത്തകളെ സ്വാഗതംചെയ്ത് ദേവേന്ദ്ര ഫട്‌നവിസ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുവരും തമ്മില്‍ ഒന്നിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള സങ്കടത്തിന്റേയും ആവശ്യമില്ല. ഒരാള്‍ മറ്റൊരാളെ ക്ഷണിക്കുന്നു, അതിന് മറുപടി മറ്റേ ആള്‍ നല്‍കുന്നു. ഇതില്‍ ഞങ്ങളെന്തിന് അതില്‍ ഇടപെടണമെന്ന ചോദ്യമാണ് ബിജെപി മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാല്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് ഭരിക്കുന്ന ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് താക്കറെ ബന്ധുക്കള്‍ ഒന്നിക്കുന്ന ചോദ്യം അലോസരമാണ് ഉണ്ടാക്കിയത്. ചോദ്യങ്ങളോട് പ്രതികരിക്കാതെ ജോലി സംബന്ധമായ എന്തെങ്കിലും ചോദിക്കുവെന്നാണ് ഷിന്‍ഡെ പ്രതികരിച്ചത്. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മഹാവികാസ് അഘാഡി സഖ്യത്തിലുള്ള എന്‍സിപിയുടെ സുപ്രിയ സുലേയും താക്കറെ കസിന്‍സിന്റെ ഒന്നിക്കല്‍ സംഭവിച്ചാല്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ചു.