ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംഎല്‍എ ആയ സുജിത് സിംഗ് താക്കൂറിനെതിരേയാണ് കേസ്. സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ എംഎല്‍എ ദര്‍ശനം നടത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴാണ് ബിജെപി എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനം. ഈ മാസം നാലാം തിയതിയാണ് എംഎൽഎ ക്ഷേത്ര ദർശനം നടത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും പേര്‍ക്കൊപ്പമെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചതിന് സുജിത് സിംഗ് താക്കൂറിനെതിരെ ഐ.പി.സി, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ലോക്ക് ഡൗൺ സമയത്ത് ക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎല്‍എ പറയുന്നത്. “ക്ഷേത്രത്തില്‍ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം മുമ്പ് ക്ഷേത്രം ഭാരവാഹികളിൽ നിന്ന് എനിക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഞാന്‍ ക്ഷേത്രത്തിൽ പോയത് ” – സുജിത് സിംഗ് താക്കൂര്‍ പറഞ്ഞു.