മഹാരാഷ്ട്ര കൗൺസിൽ തിരഞ്ഞെടുപ്പ്; ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തതായി കെ സി വേണുഗോപാൽ

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർക്കെതിരെ പാർട്ടി നടപടിയെടുത്തതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഭാവിയിൽ ഫലം കാണുമെന്നും അച്ചടക്കമാണ് പ്രധാനമെന്നും കെ സി വേണുഗോപാൽ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

ജൂലൈ 12ന് നടന്ന നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. 37 എംഎൽഎമാരുള്ള കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രദീന സതവിന് 30 മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു, ശേഷിക്കുന്ന ഏഴ് വോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ സ്ഥാനാർത്ഥി മിലിന്ദ് നർവേക്കറിനായിരുന്നു. എന്നാൽ സതവിന് 25 ഉം നർവേക്കറിന് 22 ഉം വോട്ടുകൾ ലഭിച്ചു.

11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യം ലക്ഷ്യമിട്ട എട്ട് സീറ്റുകളിലും വിജയിച്ചതിനാൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് നിരാശ നേരിടേണ്ടി വന്നിരുന്നു.