'സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ല'; ഉദ്ധവിനെ വെല്ലുവിളിച്ച് ഷിന്‍ഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. മഹാരാഷ്ട്രയിലെ ശിവസേനയിൽ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നതിനെ തുടർന്ന് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി അന്ത്യശാസനം നല്‍കിയിരുന്നു ഇതിനെതിരെയാണ് ഷിന്‍ഡെ രം​ഗത്തെത്തിയിരിക്കുന്നത്.

വെകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. ഇല്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നത്തെ യോഗത്തിനെത്താന്‍ എംഎല്‍എമാര്‍ക്ക് സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ലന്നും, ശിവസേന  നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായും ഷിന്‍ഡെ ട്വീറ്റ് ചെയ്യ്തു.

വിമതനീക്കവുമായി ബന്ധപ്പെട്ട് ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ലഭിച്ചിരുന്നു.   ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിക്കുകയും ചെയ്തതോടെയാണ്  പുതിയ നീക്കം ഉണ്ടായത്. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെട്ടു.