അര്‍ണബിനെ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി, ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടിക്ക് നീക്കം

റിപബ്ലിക് ടി.വി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയുടെ പുറത്തുവന്ന വിവാദ വാട്സ് ആപ്പ് ചാറ്റില്‍ കുരുക്ക് മുറുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്ത്ര മന്ത്രി അനില്‍ ദേശ്മുഖ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്‍റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2019ല്‍ നടന്ന ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ബാര്‍ക് സി.ഇ.ഒ പാര്‍ഥോദാസ് ഗുപ്തയുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍. അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് അത്രയും തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിച്ചതെന്നതില്‍ കേന്ദ്രം മറുപടി പറയണമെന്ന് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരം അർണബിന് എങ്ങനെ ലഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു.” ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുളളത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങൾ ചോദിക്കുകയാണ്. സംഭവത്തില്‍ 1923ലെ ഒഫിഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരം കേസെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററിസമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടതിന് പിറകേയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ സംബന്ധിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്. അതിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Read more

അര്‍ണബിന്‍റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്തുവന്നു. അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നാണ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് തലവൻ രൺദീപ് സർജ്വാല വ്യക്തമാക്കിയത്. അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ? എന്ന് ശിവസേന ചോദിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.