ജനുവരി 26 റിപ്പബ്ലിക് ദിനം മുതല്‍ മഹാരാഷ്ട്രയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് സര്‍ക്കാര്‍. ‘ഭരണഘടനയുടെ പരമാധികാരം, എല്ലാവരുടെയും ക്ഷേമം ’ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ ഭരണഘടന വായിക്കാനുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ വായിക്കുന്നതോടെ അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. 2013- ല്‍ കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന പ്രമേയമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് വിശദീകരിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്ന് രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് നിര്‍ണായക നീക്കം. പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ മൂന്നാം കക്ഷിയായ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
അതേസമയം സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഷയത്തില്‍ മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സര്‍ക്കാരിനെ നയിക്കുന്ന ശിവസേന പ്രതികരിച്ചിട്ടില്ല.