മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി ലോകസഭാംഗം തിരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച ജാതിസർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംസ്ഥാന സർക്കാരിന്റെ ജാതി പരിശോധനാസമിതി. ബി.ജെ.പി ലോകസഭാംഗം ജയസിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിയുടെ ജാതി സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് ജാതി പരിശോധന സമിതി (സി.വി.സി.) കണ്ടെത്തിയത്. പട്ടികജാതി സംവരണമണ്ഡലമായ സോളാപുരിൽ നിന്നുള്ള എം.പി.യാണ് ഇദ്ദേഹം.
എം.പി.യുടെ പേരിൽ കേസെടുക്കാൻ സി.വി.സി. സോളാപുർ അക്കൽകോട്ട് തഹസിൽദാറോട് നിർദേശിച്ചു. ഇതോടെ അദ്ദേഹത്തിന് എം.പി.സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറഞ്ഞു. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ജാതി തെളിയിക്കുന്ന രേഖകളാണ് വ്യാജമെന്നു കണ്ടെത്തിയത്.
സമിതിയുടെ കണ്ടെത്തലിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.പി. പ്രതികരിച്ചു. ലിംഗായത്ത് സമുദായത്തിന്റെ സ്വാമിയാണ് ജയസിദ്ധേശ്വർ ശിവാചാര്യ.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന, കോൺഗ്രസിലെ സുശീൽ കുമാർ ഷിന്ദേയെയാണ് ജയസിദ്ധേശ്വർ തോൽപ്പിച്ചത്. ദളിത് നേതാവ് പ്രകാശ് അംബേദ്കറായിരുന്നു മറ്റൊരു എതിർസ്ഥാനാർത്ഥി പ്രകാശ് അംബേദ്കറിന്റെ കക്ഷിയായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ.)യുടെ നേതാവ് പ്രമോദ് ബി. ഗെയിക്ക്‌വാദാണ് ജയസിദ്ധേശ്വറിനെതിരേ ജാതി പരിശോധനാസമിതിയെ സമീപിച്ചത്.