മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

മഹാരാഷ്ട്രയില്‍ എൻഡിഎ ഉൾപ്പെടുന്ന മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇന്ത്യ മുന്നണി ഉൾപ്പെടുന്ന മഹാവികാസ് അഘാഡി 60 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.

മഹായുതിയിൽ 125 സീറ്റുകളില്‍ ബിജെപിയ്ക്കാണ് ലീഡ്. ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. മഹാവികാസ് അഘാഡിയിൽ കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും ആണ് ലീഡ് ചെയ്യുന്നത്.

Read more

ബിജെപി സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്‌നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനില്‍ക്കുകയാണ്. കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ബാരാമതിയില്‍ അജിത് പവാറും മുന്നിലാണ്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ലീഡ് ചെയ്യുന്നു.