മഹാരാഷ്ട്രയില്‍ 58.22 ശതമാനം പോളിംഗ്; ഞെട്ടിച്ച് മുബൈ സിറ്റി, കനത്ത പോളിംഗ് ഇടിവ്; വമ്പന്‍ പോളിംഗ് ശതമാനവുമായി ജാര്‍ഖണ്ട്

മഹാരാഷ്ട്രയും ജാര്‍ഖണ്ടിലും പോളിംഗ് പൂര്‍ത്തിയാകുമ്പോള്‍ പോളിംഗ് ശതമാനത്തിനെ ഇടിവാണ് മഹാരാഷ്ട്രയില്‍ ചര്‍ച്ചയാവുന്നതെങ്കില്‍ ജാര്‍ഖണ്ടില്‍ മികച്ച പോളിംഗ് ആണ് ഉണ്ടായിരുക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 67.59% പോളിംഗാണ് രണ്ടാഘട്ട വോട്ടിംഗ് നടക്കുന്ന ജാര്‍ഖണ്ഡില്‍ രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 13 ന് നടന്നിരുന്നു. 64.86 ശതമാനം പോളിംഗ് അന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശേഷിക്കുന്ന 38 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ഉയര്‍ന്ന പോളിംഗ് ശതമാനം നേട്ടമാകുമെന്ന് എന്‍ഡിഎയും ഇന്ത്യസഖ്യവും അവകാശപ്പെട്ടു. ജാര്‍ഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മത്സരിക്കുന്ന ബര്‍ഹെയ്ത്, ഭാര്യ കല്‍പന സോറന്‍ മത്സരിക്കുന്ന ഗാണ്ഡെ, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ടി മത്സരിക്കുന്ന ധന്‍വാര്‍ എന്നീ മണ്ഡലങ്ങളിലും മികച്ച പോളിംഗ് നടന്നു. സംസ്ഥാനത്തെ നിലവിലെ മുന്നണി ജാര്‍ഖണ്ട് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യ സഖ്യമാണ്. തുടര്‍ഭരണം ലക്ഷ്യമിട്ട് ശക്തമായ പ്രചാരണമാണ് ബിജെപിയ്‌ക്കെതിരെ ഇന്ത്യ സഖ്യം നടത്തിയത്.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മന്ദഗതിയിലാണ് തുടങ്ങിയതും വൈകിട്ട് 6 മണിക്ക് അവസാനിച്ചതും. വൈകുന്നേരം അഞ്ച് മണി വരെ സംസ്ഥാനത്ത് 58.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മാവോയിസ്റ്റ് സ്വാധീനമുള്ള ഗഡ്ചിരോളി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 69.63% ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. എന്നാല്‍ മുംബൈ നഗരത്തില്‍ ഏറ്റവും കുറവ് വോട്ടിംഗ് രേഖപ്പെടുത്തിയത് ഭരണപക്ഷമായ മഹായുതിയേയും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയേയും ഞെട്ടിച്ചിട്ടുണ്ട്. 49.07% ആണ് മുംബൈ സിറ്റിയിലെ പോളിംഗ്. നവംബര്‍ 23ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ ശിവസേന, എന്‍സിപി അജിത് പവാര്‍ സഖ്യത്തോട് ചേര്‍ന്ന് ബിജെപി മഹായുതി മുന്നണിയിലൂടെ തുടര്‍ ഭരണം ഉറപ്പാക്കുമോ അതോ കോണ്‍ഗ്രസ് എന്‍സിപി ശരദ് പവാര്‍, ശിവസേന യുബിടി എന്നിവര്‍ ചേര്‍ന്ന മഹാവികാസ് അഘാഡി സംസ്ഥാനം പിടിക്കുമോയെന്ന് അറിയാം.