റിഹാനക്ക് എതിരെയുള്ള പ്രമുഖരുടെ ട്വീറ്റ് ബി.ജെ.പി സമ്മർദ്ദത്താലോ എന്ന് അന്വേഷിക്കും: മഹാരാഷ്ട്ര സർക്കാർ 

കർഷക പ്രതിഷേധം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെയുണ്ടായ ആഗോള വിമർശനങ്ങൾക്ക് മറുപടിയായി പ്രമുഖർ പോസ്റ്റ് ചെയ്ത ട്വീറ്റുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ.

പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും ഒരേ പോസ്റ്റുകൾ തന്നെ സമാനമായ സമയങ്ങളിൽ  പോസ്റ്റ് ചെയ്യപ്പെട്ടതായി വെളിപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ഇക്കാര്യം പരിശോധിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഇത്.

കേന്ദ്ര സർക്കാരിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യാൻ പ്രശസ്തരായ വ്യക്തികളുടെ മേൽ ബിജെപി സമ്മർദ്ദം ചെലുത്തിയോ എന്ന് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ, നേതാക്കൾ അനിൽ ദേശ്മുഖുമായി ഒരു ഓൺലൈൻ യോഗം നടത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലാണ് അനിൽ ദേശ്മുഖ്.

Read more

കർഷക പ്രതിഷേധത്തിൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച്‌ യുഎസ് പോപ്പ് ആർട്ടിസ്റ്റ് റിഹാന, മുൻ പോൺ നടി മിയ ഖലീഫ, കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് എന്നിവർ ട്വിറ്ററിൽ നടത്തിയ അഭിപ്രായങ്ങൾക്ക് മറുപടി ആയാണ് ലതാ മങ്കേഷ്കർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവർ ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടൻ അക്ഷയ് കുമാർ, ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ എന്നിവരും ട്വീറ്റ് ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു.