ഭരണഘടനയെ കൊന്നുവെന്ന് ഗുലാം നബി ആസാദ്; ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍. ഭരണഘടനയെ കൊന്നുവെന്നാണ് ഗുലാം നബി ആസാദ് ഈ വിഷയത്തോട് പ്രതികരിച്ചത്. ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നത്. അതിനു വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്ന്. 1947- ലെ വിഭജനത്തെ തഴഞ്ഞ് ഇന്ത്യയ്ക്കൊപ്പം നില്‍ക്കാനുള്ള കശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല പാര്‍ലിമെന്റ് ഉറപ്പ് നല്‍കുന്ന അവകാശമാണ്. മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും മുഫ്തി പ്രതികരിച്ചു. ജനങ്ങളെ ഭയപ്പെടുത്തി ജമ്മുകാശ്മീരിനെ കൈവശപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഫ്തി പറഞ്ഞു.