ഒരു ദശകത്തിന് അവസാനം കുറിച്ചുകൊണ്ട് 2020 എന്ന വർഷം കടന്നുപോകുമ്പോൾ. രാജ്യത്ത് സംഭവിച്ച പ്രധാന വാർത്തകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
ജനുവരി
ജനുവരി 27 – അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ ഏരിയ ഡിസ്ട്രിക്റ്റ് (ബിടിഎഡി) പുനർനിർണയിക്കാനും പുനർനാമകരണം ചെയ്യാനും ഇന്ത്യൻ സർക്കാരും അസം സർക്കാരും ബോഡോ ഗ്രൂപ്പുകളും തമ്മിൽ കരാർ ഒപ്പിട്ടു.
ജനുവരി 30 – ചൈനയിൽ നിന്ന് 2020 ജനുവരി 30- ന് കോവിഡ്-19 പകർച്ചവ്യാധി ഇന്ത്യയിലേക്ക് വ്യാപിച്ചതായി സ്ഥിരീകരിച്ചു. കോവിഡ്-19 ആദ്യ കേസ് കേരളത്തിലാണ് കണ്ടെത്തിയത്.
ഫെബ്രുവരി
ഫെബ്രുവരി 11 – 2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. ആം ആദ്മി പാർട്ടി 70 സീറ്റുകളിൽ 62 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി.
ഫെബ്രുവരി 23 – 29 – ഡൽഹിയിൽ നടന്ന കലാപത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 53 പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 23- ന് രാത്രി, ഡൽഹിയിലെ ജാഫ്രാബാദിൽ സിഎഎ അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടൽ സാമുദായികമാവുകയും അടുത്ത നാല് ദിവസങ്ങളിൽ കലാപം വടക്കുകിഴക്കൻ ഡൽഹിയിലേക്ക് വ്യാപിക്കുകയും ചെയ്തു. കലാപത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും കടകളും വീടുകളും നശിപ്പിക്കപ്പെടുകയും ചെയ്തു. കലാപം നിയന്ത്രിക്കുന്നതിൽ ഡൽഹി പൊലീസിന് വീഴ്ച പറ്റിയതായി വിമർശനങ്ങൾ ഉയർന്നു. അക്രമവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 24 – 25 – യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പങ്കെടുത്ത അഹമ്മദാബാദിൽ നടന്ന “നമസ്‌തേ ട്രംപ്” പരിപാടിയിൽ ട്രംപ് പ്രസംഗിച്ചു.
മാർച്ച്
മാർച്ച് 20 – രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
മാർച്ച് 22 – ജനത കർഫ്യൂ: കോവിഡ് -19 പകർച്ചവ്യാധി പടരാതിരിക്കാൻ ഇന്ത്യ 14 മണിക്കൂർ ലോക്ക് ഡൗൺ നിരീക്ഷിച്ചു.
മാർച്ച് 23- മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്തു.
കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ ഏപ്രിൽ 14 വരെ ഇന്ത്യയിലുടനീളം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
വൈറസ് വ്യാപനത്തിലെ വർദ്ധനയും അപ്രതീക്ഷിതമായ ലോക്ക് ഡൗൺ പ്രഖ്യാപനവും കുടിയേറ്റ തൊഴിലാളികൾക്ക് നരകയാതനയാണ് നൽകിയത്. ട്രെയിൻ ബസ് തുടങ്ങിയ ഗതാഗതങ്ങൾ നിലച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തങ്ങളുടെ നാട്ടിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ വിധിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളെയാണ് പിന്നീട് ഇന്ത്യ കണ്ടത്. ഇന്ത്യ നേരിട്ട ഒരു വലിയ മാനുഷിക പ്രതിസന്ധിയായിരുന്നു ഇത്, ലോക്ക് ഡൗൺ ഏകദേശം 40 ദശലക്ഷം കുടിയേറ്റക്കാരെ ബാധിച്ചു. നിരവധി കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കാതെ പുറപ്പാടിനിടെ മരിച്ചു വീണു.
ഏപ്രിൽ
രാജ്യത്ത് കോവിഡ്-19 പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനായി ഏപ്രിൽ മാസത്തിലുടനീളം ഇന്ത്യ ലോക്ക് ഡൗൺ പാലിച്ചു.
മെയ്
മെയ് 5 – ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം ആരംഭിച്ചു. നാഥു ലാ ക്രോസിംഗിൽ നടന്ന അതിർത്തി ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ, ചൈനീസ് സൈനികർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ നൂറ്റമ്പതോളം സൈനികർ ഉൾപ്പെട്ടിരുന്നു.
മെയ് 6 – തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായിക്ക് ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടു.
മെയ് 7 – ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ചയിൽ 13 പേർ മരിച്ചു.
മെയ് 20 – ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് ആംഫാൻ ചുഴലിക്കാറ്റ് വീശുകയും പല തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു.
മെയ് 27 – അസമിലെ ഇന്ത്യൻ ഓയിൽ ബാഗ്ജാൻ ഓയിൽഫീൽഡിൽ പെട്രോളിയം വാതകവും എണ്ണയും ചോർന്നു.
ജൂൺ
ജൂൺ 2-4 – നിസാർഗ ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വീശി, മഹാരാഷ്ട്രയിൽ നാശനഷ്ടമുണ്ടാക്കി.
ജൂൺ 5 – കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ഓർഡിനൻസുകൾ ഇന്ത്യൻ രാഷ്ട്രപതി പ്രഖ്യാപിക്കുന്നു, ഇതാണ് പിന്നീട് ഒരു ബില്ലായി നിർദ്ദേശിക്കുകയും തുടർന്ന് നിയമമായി പാസാക്കുകയും ചെയ്തത്.
ജൂൺ 14 – ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്ര വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ജൂൺ 15-16 – ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ എൽഎസിയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഇന്ത്യൻ സൈന്യത്തിലെ 20 പേർ കൊല്ലപ്പെട്ടു.
ജൂൺ 17 – ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) താത്കാലിക അംഗമായി ഇന്ത്യ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. 2021-2022 കാലയളവിലേക്കാണ് ഇത്. ഇത് രാജ്യത്തിന്റെ എട്ടാമത്തെ ഊഴമാണ്, മുമ്പത്തേത് 2011-12 ലായിരുന്നു.
ജൂൺ 25 – ഇന്ത്യൻ റെയിൽവേ 2020 ഓഗസ്റ്റ് 12 വരെ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും (രാജധാനിയും , കുടിയേറ്റക്കാർക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ ഒഴികെ) താൽക്കാലികമായി നിർത്തിവച്ചു.
ജൂൺ 29 – ചൈന-ഇന്ത്യൻ അതിർത്തിയിലെ പിരിമുറുക്കത്തെ തുടർന്ന് ടിക് ടോക്ക്, കാംസ്കാനർ, ഷെയർഇറ്റ്, യുസി ബ്രൗസർ എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു.
ജൂലൈ
ജൂലൈ 3- 8 ഉത്തർപ്രദേശ് കാൺപൂരിൽ പിടികിട്ടാപ്പുള്ളിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെയുടെ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഉത്തർപ്രദേശ് പൊലീസുകാർ കൊല്ലപ്പെട്ടു.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ഇന്തോ-ചൈന അതിർത്തിക്കടുത്തുള്ള നിമു പോസ്റ്റ് സന്ദർശിക്കുന്നു. കരസേനാ മേധാവി മനോജ് മുകുന്ദ് നാരവനെയും സിഡിഎസ് ബിപിൻ റാവത്തും മോദിക്കൊപ്പം ഉണ്ടായിരുന്നു.
ജൂലൈ 5 – ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം, 1 സിആർപിഎഫ് സൈനികൻ കൊല്ലപ്പെട്ടു.
ജൂലൈ 10 – കുറ്റവാളി വികാസ് ദുബെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
ജൂലൈ 17 – സ്ഥിരീകരിച്ച കോവിഡ്-19 കേസുകളുടെ എണ്ണം 1 ദശലക്ഷത്തിലെത്തി.
ജൂലൈ 29 – ഇന്ത്യയിലെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള പുതിയ നയം, ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി 2020), കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
ജൂലൈ 29 – പഞ്ചാബിൽ വിഷം കലർത്തിയ, നിയമവിരുദ്ധമായി നിർമ്മിച്ച മദ്യം കഴിച്ച് 121 പേർ മരിച്ചു.
ഓഗസ്റ്റ്
ഓഗസ്റ്റ് 5 – അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നരേന്ദ്രമോദി ഭൂമി പൂജ നടത്തുകയും തറക്കല്ലിടുകയും ചെയ്തു.
ഓഗസ്റ്റ് 7 – കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344 നിയന്ത്രണം വിട്ട് റൺവേ മറികടന്ന് കിഴുക്കാംതൂക്കായ ഭാഗത്തേക്ക് തകർന്നു വീണു. അപകടത്തിൽ രണ്ട് പൈലറ്റുമാരും 17 യാത്രക്കാരും ഉൾപ്പെടെ 19 പേർ മരിച്ചു.
ഓഗസ്റ്റ് 7 – കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ കനത്ത മണ്ണിടിച്ചിൽ: 24 പേർ കൊല്ലപ്പെട്ടു.
ഓഗസ്റ്റ് 9 – ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കോവിഡ് -19 കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 11 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓഗസ്റ്റ് 20 – തെലങ്കാന സംസ്ഥാനത്തെ ശ്രീശൈലത്തെ ഭൂഗർഭ ജലവൈദ്യുത നിലയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർ മരിച്ചു.
ഓഗസ്റ്റ് 31 – നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 2020-2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഡാറ്റ പുറത്തുവിട്ടു, കോവിഡ്-19 പകർച്ചവ്യാധി ലോക്ക് ഡൗൺ എന്നീ കാരണങ്ങളാൽ ഈ കാലയളവിൽ ജിഡിപി 23.9% ചുരുങ്ങി.
സെപ്റ്റംബർ
സെപ്റ്റംബർ 14 – ജൂൺ 5 ന് ലോക്ക് ഡൗൺ സമയത്ത് പുറപ്പെടുവിച്ച കാർഷിക പരിഷ്കാരങ്ങൾക്കായുള്ള ഓർഡിനൻസുകൾ മാറ്റിസ്ഥാപിക്കുന്നതിനായി മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു.
സെപ്റ്റംബർ 17- ന് ലോക്സഭയും 2020 സെപ്റ്റംബർ 20- ന് രാജ്യസഭയും കാർഷിക ബില്ലുകൾ പാസാക്കി.
പാർലമെൻറ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കും 2020 സെപ്റ്റംബർ 27- ന് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകി. ഇതോടെ മൂന്ന് കാർഷിക നിയമങ്ങളും നിലവിൽ വന്നു.
സെപ്റ്റംബർ 30 – ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ എന്നിവർ ഉൾപ്പെടെ പ്രതികളായ 32 പേരെയും കോടതി കുറ്റവിമുക്തരാക്കി. പള്ളി പൊളിക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് പ്രത്യേക കോടതി ജഡ്ജി പറഞ്ഞു.
ഒക്ടോബർ
ഒക്ടോബർ 31 – ലവ് ജിഹാദ് തടയുന്നതിനുള്ള നിയമം തന്റെ സർക്കാർ പാസാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
നവംബർ
നവംബർ 10 – പതിനേഴാം ബിഹാർ നിയമസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ മുതൽ നവംബർ വരെ മൂന്ന് ഘട്ടങ്ങളായി നടന്നു.നവംബർ 10 നാണ് വോട്ടെണ്ണൽ ആരംഭിച്ചത് മത്സരിച്ച 110 സീറ്റുകളിൽ 74 ലും ബിജെപി വിജയിച്ചു. 115 സീറ്റുകളിൽ 43 സീറ്റുകളും ജെഡിയു നേടി. 110 സീറ്റുകൾ നേടി മഹാസഖ്യം ഭരണ സഖ്യത്തിന് കടുത്ത മത്സരം നൽകി. മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
നവംബർ 24 – മതപരിവർത്തന നിരോധന ഓർഡിനൻസ് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. തുടർന്ന് 2020 നവംബർ 28- ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമം അംഗീകരിച്ചുകൊണ്ട് ഓർഡിനൻസിൽ ഒപ്പിട്ടു.
നവംബർ 25 – കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 25- ന് പഞ്ചാബിലെയും ഹരിയാനയിലെയും കർഷക യൂണിയനുകൾ ആരംഭിച്ച ‘ദില്ലി ചലോ’ മാർച്ച്, ഡൽഹി പൊലീസ് ആദ്യം തടഞ്ഞെങ്കിലും നവംബർ 27- ന് കർഷകരെ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിച്ചു.
ഡിസംബർ
ഉത്തർപ്രദേശിന് സമാനമായ മതപരിവർത്തന വിരുദ്ധ ബില്ലിന് മധ്യപ്രദേശ് സർക്കാർ അംഗീകാരം നൽകി.