രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാക്കണം, പ്രമേയം പാസാക്കി പാർട്ടി ഡൽഹി ഘടകം

രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ഡൽഹി ഘടകം ഞായറാഴ്ച വൈകുന്നേരം ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

ബംഗാൾ, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂണിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പാർട്ടി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാന ഘടകങ്ങളിൽ നിന്നും സമാനമായ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

പാർട്ടിയിലെ പരമോന്നത സമിതിയായ സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യുടെ ചൂടേറിയ യോഗത്തിന് ശേഷമായിരുന്നു സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. യോഗത്തിൽ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, പി ചിദംബരം എന്നിവർ അടിയന്തര സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഗാന്ധി കുടംബത്തിന്റെ വിശ്വസ്തർ എന്ന് അറിയപ്പെടുന്ന അശോക് ഗെലോട്ട്, അമരീന്ദർ സിംഗ്, എ കെ ആന്റണി, താരിഖ് അൻവർ, ഉമ്മൻ ചാണ്ടി എന്നിവർ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് പറയുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപമാനകരമായ തോൽവി നേരിട്ടതിനെ തുടർന്ന് 2019ൽ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ധ്യക്ഷയും രാജിവച്ചെതു മുതൽ ഇടക്കാല അദ്ധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധി, തനിക്ക് ആവശ്യത്തിലധികം കാലം അദ്ധ്യക്ഷ സ്ഥാനം നിലനിർത്താൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read more

തങ്ങൾക്ക് അദ്ധ്യക്ഷ സ്ഥാനം വേണ്ടെന്ന് ഗാന്ധി കുടുംബം പറയുമ്പോൾ തന്നെ അവർ പാർട്ടിയിലെ അധികാര കേന്ദ്രമായി തുടരുന്നു. ഇവരുടെ അനുമതിയില്ലാതെ പാർട്ടിയിൽ വലിയ തീരുമാനങ്ങളൊന്നും എടുക്കുന്നില്ല.