പാഠ്യ പദ്ധതിയിലും പരിഷ്‌കാരവുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മലയാളം മീഡിയത്തിലുള്ള എസ്‌സിഇആര്‍ടി പാഠ്യ പദ്ധതി ലക്ഷദ്വീപില്‍ നിറുത്തലാക്കുന്നു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
ലക്ഷദ്വീപില്‍ നിലവില്‍ രണ്ട് സിലബസുകളിലും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ മലയാളം മീഡിയത്തിലുള്ള സ്‌കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സിബിഎസ്ഇ സിലബസില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കേരള സിലബസ് ഇല്ലാതാകുന്നതോടെ ദ്വീപിലെ വിദ്യാര്‍ത്ഥികളുടെ അറബി പഠനവും ഇല്ലാതാകും.
വിദ്യാഭ്യാസം ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഇത് ബാധിക്കില്ല. ഇവര്‍ക്ക് പത്താം ക്ലാസ് പൂര്‍ത്തിയാകുന്നതുവരെ പഴയ സിലബസില്‍ പരീക്ഷ എഴുതാം. മലയാളം മീഡിയം ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും.
മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.