ഗഗൻയാനിൽ മലയാളിയും; ബഹിരാകാശ യാത്രിക സംഘത്തിന്റെ തലവൻ പാലക്കാട്ടുകാരൻ പ്രശാന്ത് ബാലകൃഷ്‌ണ നായർ

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിൽ സംഘത്തലവൻ മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്‌ണ നായരാണ് ഗഗന്‍യാൻ ദൗത്യത്തിന്റെ തലവൻ. ശുഭാൻശു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ എന്നിവരാണ് മറ്റ് മൂന്നു പേർ. ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന വേദയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വെച്ചതാണ് പ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് പദ്ധതി വിശദീകരിക്കുന്നത്. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. ​നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്.  തുമ്പയിലെ വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ചടങ്ങ് നടന്നത്.

നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.