തിരഞ്ഞെടുപ്പു പോരാട്ടം കനക്കുന്ന കർണാടകയിൽ പ്രചാരണത്തിനിടെ വാക്പോരുമായി നേതാക്കൾ. കോൺഗ്രസ് ബിജെപി നേതാക്കളാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസംഗം.ആ വിഷം തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും ഖർഗെ പറഞ്ഞു. കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഖർഗെയുടെ പരാമർശം.
ഖർഗെയുടെ പ്രസംഗത്തിന് മറുപടി നൽകിയത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആയിരുന്നു. കരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു താക്കൂറിന്റെ മറുപടി. സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അധികാരത്തുടർച്ച നേടുമെന്നായിരുന്നു. അതും റെക്കോഡ് ഭൂരിപക്ഷത്തിൽ .50 ലക്ഷം ബി ജെ പി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു.