ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ വിജയം ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചാണ് മമത കൊൽക്കത്ത ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിച്ച മമത 1700 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
വോട്ടെണ്ണലിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ആരോ ഭയപ്പെടുത്തിയിരുന്നുവെന്ന് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം മമത ആരോപിച്ചിരുന്നു. റീകൗണ്ടിംഗ് അനുവദിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസര്‍ ആര്‍ക്കോ എസ്എംഎസ് അയച്ചതിന്റെ വിവരം തനിക്ക് ലഭിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.
“റീകൗണ്ടിംഗിന് ഉത്തരവിടാന്‍ കഴിയില്ല. കുടുംബം തകര്‍ന്നുപോകും. എനിക്ക് ചെറിയ പെണ്‍കുട്ടിയാണ് ഉള്ളത്” – മൊബൈല്‍ ഫോണിലുള്ള സന്ദേശം മമത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചിരുന്നു.