'സംസാരിക്കാൻ മതിയായ സമയം അനുവദിച്ചില്ല, ഇത് അന്യായം'; നീതി ആയോഗ് യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി

സംസാരിക്കാൻ മതിയായ സമയം അനുവദിച്ചില്ലെന്നാരോപിച്ച്‌ നീതി ആയോഗ് യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരെ കൂടുതൽ നേരം സംസാരിക്കാൻ അനുവദിച്ചപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ തൻ്റെ മൈക്ക് ഓഫ് ചെയ്തുവെന്ന് മമത ആരോപിച്ചു. യോഗത്തിൽ വിവേചനം നേരിട്ടുവെന്നും മമത പറഞ്ഞു.

‘ഞാൻ യോഗം ബഹിഷ്‌കരിച്ചാണ് പുറത്തിറങ്ങിയത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാൻ 20 മിനിറ്റ് അനുവദിച്ചു. അസം, ഗോവ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ 10-12 മിനിറ്റ് സംസാരിച്ചു. വെറും അഞ്ച് മിനിറ്റിന് ശേഷം എന്നെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞു. ഇത് അന്യായമാണ്. ഞാൻ പ്രതിപക്ഷത്ത് നിന്ന് ഒറ്റയ്ക്ക് വന്നു. പക്ഷേ അവർ എന്നെ തടഞ്ഞു. ഇത് അപമാനമാണ്. ഇനി ഒരു യോഗത്തിലും ഞാൻ പങ്കെടുക്കില്ല’- മമത ബാനർജി പറഞ്ഞു.

അതേസമയം നിതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, പിരിച്ചുവിടണമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മമതയുടെ പ്രതികരണം. യോഗത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം മറികടന്ന് യോഗത്തിൽ പങ്കെടുത്ത മമത ബാനര്‍ജിയെ ശിവസേനയും വിമര്‍ശിച്ചു. കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധ സൂചകമായി ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

Read more