'എല്ലാം നിരീക്ഷിക്കുന്നു, പിന്നോട്ടില്ല'; സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരുമെന്നും മമത അറിയിച്ചു. കാകോലി ഘോഷാണ് ലോക്സഭ ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു. അതേസമയം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല.

അതേസമയം കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തീരുമാനിച്ചു. മല്ലികാർജ്ജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പദവി ഏറെ ഉത്തരവാദിത്തമുള്ളതാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.

Read more