പശ്ചിമ ബംഗാളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. അര്‍ധ രാത്രി എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിന് വരാന്‍ പാടില്ലായിരുന്നു. അര്‍ധ രാത്രി അപരിചിതര്‍ കടന്നുവന്നതിനാലാണ് നാട്ടുകാര്‍ അത്തരത്തില്‍ പ്രതിഷേധിച്ചതെന്നും മമത ബാനര്‍ജി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. എന്‍ഐഎ സ്ത്രീകളെ ആക്രമിച്ചതാണ് നാട്ടുകാരുടെ പ്രത്യാക്രമണത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര അന്വേഷണ സംഘങ്ങളെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നതെന്നും മമത ചോദിച്ചു.
ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്‍ഐഎ എത്തിയതെന്നും മമത പറഞ്ഞു. ഭൂപതി നഗറില്‍ 2022 ഡിസംബറില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഐഎ സംഘം എത്തിയത്. പ്രകോപിതരായ നാട്ടുകാര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു.