നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകണമെന്ന കേന്ദ്ര നിർദേശം തള്ളി മമത ബാനർജി. ബംഗാൾ സർക്കാർ എന്തിന് ബിജെപികാർക്ക് ജോലി കൊടുക്കണം എന്നും പ്രഥമ പരിഗണന ബംഗാളിലെ യുവാക്കൾക്ക് തന്നെയാകുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ആവശ്യം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് മമതയുടെ നിലപാട്. അതേസമയം, അഗ്നിപഥ് പദ്ധതിയിൽ ചേർന്ന് വിജയകരമായി സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾക്ക് തൊഴിൽ വാഗ്ദാനവുമായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും രംഗത്ത് വന്നിരുന്നു.
അഗ്നിപഥ് പ്രകാരം സേവന കാലാവധി പൂർത്തിയാക്കുന്നവർക്ക് അർദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനത്തിനും മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് ഹരിയാന, ഉത്തർ പ്രദേശ്, അസം സർക്കാരുകളും വ്യക്തമാക്കിയിരുന്നു.
അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് മഹിന്ദ്രയും വ്യക്തമാക്കിയിരുന്നു.കോർപ്പറേറ്റ് രംഗത്ത് അഗ്നിവീറുകൾക്കു വലിയ തൊഴിലവസരമാണ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.