പച്ചക്കറി വാങ്ങാന്‍ മുപ്പത് രൂപ ചോദിച്ചു; ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി

പച്ചക്കറി വാങ്ങാന്‍ മുപ്പത് രൂപ ചോദിച്ചതിന്റെ പേരില്‍ ഭാര്യയെ മൊഴി ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ജൂണ്‍ 29- നാണ് സംഭവം. പണം ചോദിച്ചതിന് ഭര്‍ത്താവായ സാബിര്‍ തന്നെ മര്‍ദ്ദിക്കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്‌തെന്ന് 30- കാരിയായ സൈനബ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴി ചൊല്ലിയ ശേഷം മുഖത്ത് തുപ്പുകയും തന്നെ വീടിന് പുറത്താക്കുകയും ചെയ്‌തെന്നാണ് സൈനബ് ആരോപിച്ചിരിക്കുന്നത്.

ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം മര്‍ദ്ദിക്കുമെന്നും സൈനബ് പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ ഇലക്ട്രിക്ക് വയറുപയോഗിച്ച് തന്നെ  ഷോക്കേല്‍പ്പിക്കുന്നതു പതിവാണെന്നും സൈനബ് പറഞ്ഞു. സംഭവമറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന സൈനബിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ സൈനബയെ മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു.

സൈനബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സാബിറിനെ പോലീസ് അറസ്റ്റ് ചെയ്തു. നാല് കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ സാബിര്‍ പ്രതികരിച്ചിട്ടില്ല.