രാജ്യ തലസ്ഥാനത്തെ നടുക്കി ആൾക്കൂട്ട കൊലപാതകം. മാനസിക വെല്ലുവിളി നേരിടുന്ന 26 കാരനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ഇസ്സർ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. വടക്ക് കിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം.
ഇരുമ്പ് തൂണിൽ കെട്ടിയിട്ട് യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കുഴഞ്ഞുവീണ യുവാവ് തന്നെ മർദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. പഴക്കച്ചവടക്കാരനായ അബ്ദുൾ വാജിദാണ് യുവാവിന്റെ പിതാവ്. അദ്ദേഹമാണ് പൊലീസിൽ പരാതി നൽകിയത്.
മോഷണക്കുറ്റം ആരോപിച്ച് ചിലർ മർദ്ദിച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്ന് കാണിച്ചാണ് അബ്ദുൾ വാജിദ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞു വരുമ്പോൾ മകൻ പുറത്ത് വേദനകൊണ്ട് പുളഞ്ഞ് കിടക്കുന്നത് കണ്ടതെന്ന് പിതാവ് പറയുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.