കുട്ടികൾ പൂക്കൾ പറിച്ചതിന് ചിലപ്പൊഴൊക്കെ ദേഷ്യം കാണിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ദേഷ്യം കൊണ്ട് കുട്ടികളെ ഒന്നും ചെയ്യാനാകാതെ പകരം അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്തെടുത്ത സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം.
കല്യാണി മോറെയെന്നയാളാണ് നിസ്സാരകാര്യത്തിന് ഈ ക്രൂരകൃത്യം ചെയ്ത് പകരം വീട്ടിയത്. കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാൾ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തത്.
അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ നില ഗുരുതരമാണ്. സംഭവത്തിന് ശേഷം കല്യാണി മോറ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.