മരിച്ച കുഞ്ഞിനെ മറവ് ചെയ്യാന്‍ കുഴിയെടുക്കവെ കണ്ടെത്തിയത് മുന്നടി താഴ്ച്ചയില്‍ ജീവനോടെയുള്ള മറ്റൊരു കുഞ്ഞിനെ

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുകയും പീന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മകള്‍ മരിക്കുകയും ചെയ്ത  ദുഃഖത്തിലാണ്ടിരിക്കുകയായിരുന്നു വ്യാപാരിയായ ഹിതേഷ് കുമാര്‍. നവജാത ശിശുവിനെ മറവ് ചെയ്യാന്‍ മൂന്നടി താഴ്ചയില്‍ കുഴിയെടുക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അയാള്‍ കണ്ടത്. ജീവനുള്ള പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി കുഴിച്ചിട്ടിരിക്കുന്നതാണ് ഹിതേഷ് കുമാറിന് കാണേണ്ടി വന്നത്

മുന്നടി താഴ്ചയില്‍ കുഴിച്ചു മൂടിയിരുന്നെങ്കിലും കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് അവള്‍ക്ക് പാല്‍ നല്‍കുകയും ശരീരം തുടച്ചു വൃത്തിയാക്കുകയും ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

ഹിതേഷ് കുമാറിന്റെ ഭാര്യയും ബറേലിയിലെ സബ് ഇന്‍സ്‌പെക്ടറുമായ വൈശാലിയെ പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണവളര്‍ച്ച എത്താതെ 7 മാസം മാത്രം പ്രായമായ കുട്ടിക്ക് പിറ്റേന്ന് ജന്മം നല്‍കിയെങ്കിലും കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടി മരിച്ചു. സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുക്കവെയാണ് കുഴിയ്ക്കുള്ളിലെ മണ്‍കുടവും  അതിനകത്ത് ജിവന്  വേണ്ടി പിടയുന്ന പെണ്‍കുഞ്ഞിനെയും കണ്ടത്.

Read more

കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നു എസ് പി അഭിനന്ദന്‍ സിംഗ് പറഞ്ഞു. തിരച്ചില്‍ തുടങ്ങിയെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ചികിത്സ എംഎല്‍എ രാജേഷ് മിശ്ര ഏറ്റെടുത്തു. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇന്നലെ മാറ്റി. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.