എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
നമസ്‌കാരം. മന്‍ കീ ബാത്തിന്റെ ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണിത്. ഇന്ന് 2017 ന്റെ അവസാന ദിവസവുമാണ്. ഈ വര്‍ഷം വളരെയേറെ കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവച്ചു. മന്‍ കീ ബാത്തിനുവേണ്ടി നിങ്ങള്‍ വളരെയേറെ കത്തുകളും, അഭിപ്രായങ്ങളും, നിങ്ങളുടെ ചിന്താഗതികളും പങ്കുവച്ചത് എന്നും പുതിയ ഊര്‍ജ്ജവുമായാണ് എന്നിലേക്ക് എത്തിയത്. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം വര്‍ഷം മാറും, പക്ഷേ, നമ്മുടെ ഈ ആശയങ്ങളുടെ പങ്കുവയ്ക്കല്‍ പിന്നീടും തുടരും. വരാന്‍ പോകുന്ന വര്‍ഷത്തില്‍ നാം, പുതിയ പുതിയ കാര്യങ്ങള്‍ പറയും, പുതിയ പുതിയ അനുഭവങ്ങള്‍ പങ്കു വയ്ക്കും. നിങ്ങള്‍ക്കേവര്‍ക്കും 2018 ന്റെ ശുഭാശംസകള്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് ലോകമെങ്ങും ക്രിസ്തുമസ് വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെട്ടു. ഭാരതത്തിലും ജനങ്ങള്‍ വളരെ ഉത്സാഹത്തോടെ ഈ ഉത്സവം കൊണ്ടാടി. ക്രിസ്തുമസിന്റെ അവസരത്തില്‍ നാമെല്ലാം യേശുക്രിസ്തു നല്‍കിയ മഹത്തായ പാഠങ്ങള്‍ ഓര്‍മ്മിക്കുന്നു. സേവനമനോഭാവത്തിനാണ് യേശുക്രിസ്തു വളരെയധികം പ്രാധാന്യം നല്കിയിരുന്നത്. സേവനമനോഭാവത്തിന്റെ സാരം നാം ബൈബിളിലും കാണുന്നു.
മനുഷ്യപുത്രന്‍ വന്നത് സേവനം അനുഭവിക്കാനല്ല,
സേവനം ചെയ്യാനാണ്,
മനുഷ്യര്‍ക്കേവര്‍ക്കും അവന്റെ ജീവിതം
അനുഗ്രഹമായി ഏകാന്‍ വന്നു.
സേവനത്തിന്റെ മാഹാത്മ്യം എന്താണെന്നാണ് ഇതു കാണിക്കുന്നത്. ലോകത്തിലെ ഏതു ജാതിയും ധര്‍മ്മവും പരമ്പരയും വര്‍ണ്ണവുമായിക്കോട്ടെ, സേവനമനോഭാവം മാനവീയ മൂല്യങ്ങളുടെ വിലമതിക്കാനാവാത്ത ഒന്നായി കണക്കാക്കുന്നു. നമ്മുടെ രാജ്യത്ത് നിഷ്‌കാമകര്‍മ്മത്തെക്കുറിച്ചാണ് നാം പറയുന്നത്. അതായത് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കാത്ത സേവനം. ഇവിടെ സേവാ പരമോ ധര്‍മ്മഃ എന്നാണു പറയപ്പെട്ടിരിക്കുന്നത്. ജീവികള്‍ക്കു സേവനമേകുന്നതാണ് ഈശ്വരസേവ. ഗുരുദേവന്‍ രാമകൃഷ്ണ പരമഹംസര്‍ പറയാറുണ്ടായിരുന്നു, ശിവഭാവത്തോടെ ജീവസേവനം ചെയ്യണം എന്ന്. അതായത് ലോകമെങ്ങും സേവനമെന്നത് സമാനമായ മാനവീയ മൂല്യമാണ്. നമുക്ക് മഹാപുരുഷന്മാരെ ഓര്‍ത്തുകൊണ്ട്, പവിത്രങ്ങളായ ദിനങ്ങളെ ഓര്‍ത്തുകൊണ്ട് നമ്മുടെ ഈ മഹത്തായ മൂല്യത്തിന്റെ പാരമ്പര്യത്തിന് പുതിയ ചൈതന്യമേകാം, പുതിയ ഊര്‍ജ്ജമേകാം, സ്വയം ആ മൂല്യബോധത്തോടെ ജീവിക്കാന്‍ ശ്രമിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇത് ഗുരു ഗേവിന്ദ് സിംഗിന്റെ മുന്നൂറ്റി അന്‍പതാം ജന്മവാര്‍ഷികവും കൂടിയായിരുന്നു. ഗുരു ഗോവിന്ദ് സിംഗ്ജീയുടെ ധൈര്യവും ത്യാഗവും നിറഞ്ഞ അസാധാരണ ജീവിതം നമുക്കേവര്‍ക്കും പ്രേരണാസ്രോതസ്സാണ്. ഗുരുഗോവിന്ദ് സിംഗ് മഹത്തായ ജീവിത മൂല്യങ്ങളെ ഉപദേശിച്ചു, ആ മൂല്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം സ്വയം ജീവിതം നയിക്കുകയും ചെയ്തു. ഗുരു, കവി, ദാര്‍ശനികന്‍, മഹാനായ യോദ്ധാവ് ഒക്കെയായിരുന്ന ഗുരു ഗോവിന്ദ് സിംഗ് ഈ രൂപങ്ങളിലെല്ലാം ആളുകള്‍ക്ക് പ്രേരണയേകി. അദ്ദേഹം പീഡനങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടി. ജാതി മത ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാന്‍ ആളുകളെ പഠിപ്പിച്ചു. ഈ ശ്രമത്തില്‍ വ്യക്തിപരമായി അദ്ദേഹത്തിന് പലതും നഷ്ടപ്പെടുത്തേണ്ടി വന്നു. എങ്കിലും അദ്ദേഹം ഒരിക്കലും ദ്വേഷചിന്തയ്ക്ക് ഇടമേകിയില്ല. ജീവിതത്തില്‍ അനുനിമിഷം സ്‌നേഹം, ത്യാഗം, ശാന്തി എന്നിവയുടെ സന്ദേശം നല്കിക്കൊണ്ട് എത്ര മഹത്തായ വൈശിഷ്ട്യങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം! ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ഗുരു ഗോവിന്ദ് സിംഗിന്റെ മുന്നൂറ്റി അന്‍പതാം ജയന്തിയുടെ അവസരത്തില്‍ പട്‌നാസാഹിബില്‍ സംഘടിപ്പിച്ച പ്രകാശോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യപൂര്‍ണ്ണമായ അവസരമായിരുന്നു. ഗുരു ഗോവിന്ദ് സിംഗ് പഠിപ്പിച്ച മഹത്തായ പാഠങ്ങളിലും പ്രേരണാദായകമായ ആ ജീവീതത്തിലും നിന്ന് പാഠങ്ങള്‍ പഠിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുമെന്ന് നമുക്ക് മനസ്സുകൊണ്ട് തീരുമാനമെടുക്കാം.
2018 ജനുവരി 1, അതായത് നാളെ… നാളത്തെ ദിവസം എന്നെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ദിവസമാണ്. നിങ്ങള്‍ക്കും ആശ്ചര്യം തോന്നും.. പുതിയ വര്‍ഷങ്ങള്‍ വന്നുകൊണ്ടിരിക്കും. ജനുവരി 1 എല്ലാ വര്‍ഷവും വരുന്നതാണ്… എന്നാല്‍ വിശേഷപ്പെട്ടത് എന്നു പറയുമ്പോള്‍, സത്യമായും വിശേഷപ്പെട്ടതുതന്നെയാണെന്ന് ഞാന്‍ വീണ്ടും പറയുന്നു. രണ്ടായിരമാണ്ടിലോ അതിനു ശേഷമോ, അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് 2018 മുതല്‍ വോട്ടവകാശം സിദ്ധിക്കാന്‍ തുടങ്ങും. ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു. വോട്ടര്‍മാരായി സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഈ ഭാരതമൊന്നാകെ നിങ്ങളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വോട്ടര്‍മാരായി സ്വാഗതം ചെയ്യുവാന്‍ ഉത്സാഹിക്കയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വോട്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും അഭിമാനം തോന്നുന്നുണ്ടാകും. നിങ്ങളുടെ വോട്ട് നവഭാരതത്തിന് അടിസ്ഥാനമാകും. വോട്ടിന്റെ ശക്തി ജനാധിപത്യത്തില്‍ ഏറ്റവും വലിയ ശക്തിയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരുന്നതില്‍ വോട്ട് ഏറ്റവും കഴിവുറ്റ ഒന്നാണ്. നിങ്ങള്‍ കേവലം വോട്ടുചെയ്യാനുള്ള അവകാശമല്ല നേടുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെയായിരിക്കണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തെക്കുറിച്ച് നിങ്ങളുടെ സ്വപ്നം എന്തായിരിക്കണം, എന്നെല്ലാം ചിന്തിച്ച് നിങ്ങള്‍ക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്രഷ്ടാക്കളാകാം. ജനുവരി ഒന്നിന് അതിന്റെ തുടക്കമാണ് വിശേഷിച്ച് ഉണ്ടാകുന്നത്. എന്റെ ഇന്നത്തെ ഈ മന്‍ കീ ബാത്തില്‍, 18 നും 25 നും ഇടയ്ക്കു പ്രായമുള്ള ഊര്‍ജ്ജസ്വലരായ നമ്മുടെ യശസ്വികളായ യുവാക്കളോടാണ് സംസാരിക്കുന്നത്. ഞാനവരെ നവഭാരതത്തിലെ യുവാക്കളായി കാണുന്നു. നവഭാരതത്തിലെ യുവാക്കളെന്നാല്‍ ഉത്സാഹം, ഉന്മേഷം, ഊര്‍ജ്ജം എന്നിവയുടെ പര്യായമാണ്. നമ്മുടെ ഈ ഊര്‍ജ്ജസ്വലരായ, നൈപുണ്യവും ശക്തിയുമുള്ള യുവാക്കളിലൂടെയാണ് നവഭാരതത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. നാം നവഭാരതത്തെക്കുറിച്ചു പറയുമ്പോള്‍, അത് ജാതീയത, വര്‍ഗ്ഗീയത, ഭീകരവാദം, അഴിമതിയുടെ വിഷം എന്നിവയില്‍ നിന്നെല്ലാം മുക്തമായ ഭാരതത്തെക്കുറിച്ചാണു പറയുന്നത്. മാലിന്യത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മുക്തമായ ഭാരതം. എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കുന്ന, എല്ലാവരുടെയും ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന നവഭാരതം. ശാന്തിയും ഐക്യവും സന്മനോഭാവവും നമ്മെ നയിക്കുന്ന ശക്തികളാകുന്ന നവഭാരതം. എന്റെ ഈ നവഭാരത യുവാക്കള്‍ മുന്നോട്ടു വന്ന് നവഭാരതം എങ്ങനെ രൂപപ്പെടുമെന്ന് വിശകലനം ചെയ്യണം. അവര്‍ തങ്ങള്‍ക്കായും ഒരു വഴി നിശ്ചയിക്കട്ടെ, അതിലേക്ക് മറ്റുള്ളവരെക്കൂടി ചേര്‍ത്ത് ആ സംഘം മുന്നേറട്ടെ. നിങ്ങളും മുന്നേറട്ടെ, നാടും മുന്നേറട്ടെ. ഞാന്‍ നിങ്ങളോട് ഇത് സംസാരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു ചിന്താഗതി കടന്നുവന്നു.. നമുക്ക് രാജ്യത്തിലെ എല്ലാ ജില്ലകളിലും ഒരു മോക് പാര്‍ലമെന്റ് സംഘടിപ്പിക്കാനാകുമോ? അവിടെ ഈ 18 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ ഒരുമിച്ചിരുന്ന് നവഭാരതത്തെക്കുറിച്ച് വിശകലനം ചെയ്യട്ടെ, വഴി കണ്ടെത്തട്ടെ, പദ്ധതികള്‍ ഉണ്ടാക്കട്ടെ! നമ്മുടെ സങ്കല്പങ്ങള്‍ 2022 നു മുമ്പ് നമുക്കെങ്ങനെ സാക്ഷാത്കരിക്കാം? നമ്മുടെ സ്വതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ടതുപോലുള്ള ഭാരതം നമുക്കെങ്ങനെ ഉണ്ടാക്കാം? മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തെ ജനമുന്നേറ്റമാക്കി മാറ്റിയിരുന്നു. എന്റെ യുവ സുഹൃത്തുക്കളേ, നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭവ്യവും ദിവ്യവുമായ ഭാരതത്തെ സൃഷ്ടിക്കാന്‍ ഒരു ജനമുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ജനമുന്നേറ്റം, പുരോഗതിയുടെ ജനമുന്നേറ്റം, കഴിവുറ്റ-ശക്തമായ ഭാരതത്തിനുവേണ്ടിയുള്ള ജനമുന്നേറ്റം. ആഗസ്റ്റ് 15നോടടുപ്പിച്ച് ദില്ലിയില്‍ ഒരു മോക് പാര്‍ലമെന്റ് സംഘടിപ്പിക്കണമെന്നും അതില്‍ ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു യുവാവ് പങ്കെടുത്ത് അവര്‍ ചേര്‍ന്ന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നവഭാരതം എങ്ങനെ സൃഷ്ടിക്കാമെന്ന് ചര്‍ച്ച ചെയ്യണമെന്നും ഞാനാഗ്രഹിക്കുന്നു. ദൃഢനിശ്ചയത്തിലൂടെ ലക്ഷ്യസിദ്ധി എങ്ങനെ ആകാമെന്നും ചര്‍ച്ച ചെയ്യട്ടെ. ഇന്ന് യുവാക്കള്‍ക്കായി വളരേയേറെ അവസരങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. നൈപുണ്യവികസനം മുതല്‍ നൂതനനിര്‍മ്മിതികളിലും വ്യവസായ സംരംഭകത്വത്തിലും നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള അവസരങ്ങള്‍ തുറക്കുന്ന പദ്ധതിക്കളെക്കുറിച്ചുള്ള അറിവ് ഈ നവഭാരതത്തിലെ യുവാക്കള്‍ക്ക് ഒരിടത്ത് എങ്ങനെ ലഭിക്കാം എന്നു ചിന്തിക്കണം. 18 വയസ്സായാലുടന്‍ അവര്‍ക്ക് ഈ ലോകത്തെക്കുറിച്ചും ഈ പദ്ധതികളെക്കുറിച്ചുമെല്ലാം സ്വാഭാവികമായി അറിവു കിട്ടുന്ന, അതിലൂടെ നേട്ടമുണ്ടാക്കാനാകുന്ന ഒരു വ്യവസ്ഥ രൂപപ്പെടണമെന്നും ഞാനാഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ മന്‍ കീ ബാത്തില്‍ ഞാന്‍ നിങ്ങളോട് സകാരാത്മകമായ – പോസിറ്റീവ് – ചിന്താഗതി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയുകയുണ്ടായി. എനിക്കിപ്പോള്‍ സംസ്‌കൃതത്തിലുള്ള ഒരു ശ്ലോകമാണ് ഓര്‍മ്മ വരുന്നത് –
ഉത്സാഹോ ബലവാനാര്യ, നാസ്ത്യുത്സാഹാത്പരം ബലം
സോത്സാഹസ്യ ച ലോകേഷു ന കിംചിദപി ദുര്‍ലഭം.
ഉത്സാഹം നിറഞ്ഞ ഒരു വ്യക്തി അതിബലവാനാകുന്നു. കാരണം ഉത്സാഹത്തേക്കാള്‍ മികച്ചതായി ഒന്നുമില്ല. സകാരാത്മകമായ ചിന്താഗതിയും ഉത്സാഹവും നിറഞ്ഞ വ്യക്തിക്ക് ഒന്നും അസാധ്യവുമല്ല. ഇംഗ്‌ളീഷിലും ഒരു ചൊല്ലുണ്ട്. പെസിമിസം ലീഡ്‌സ് ടു വീക്ക്‌നസ്, ഓപ്ടിമിസം ടു പവര്‍. (അശുഭ പ്രതീക്ഷ ദൗര്‍ബല്യത്തിലേക്കും ശുഭപ്രതീക്ഷ ശക്തിയിലേക്കും നയിക്കുന്നു) 2017-ലെ തങ്ങളുടെ ശുഭകാര്യങ്ങള്‍ പങ്കുവെക്കണമെന്ന് കഴിഞ്ഞ മന്‍ കീ ബാത്തില്‍ ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. 2018 നെ സകാരാത്മകമായ അന്തരീക്ഷത്തില്‍ സ്വാഗതം ചെയ്യണമെന്നും പറഞ്ഞു. വളരെയേറെ ആളുകള്‍ സാമൂഹിക മാധ്യമമായ മൈ ജിഒവി ലും നരേന്ദ്രമോദി ആപ് ലും വളരെയേറെ സകാരാത്മകമായ പ്രതികരണങ്ങള്‍ നടത്തി, തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ചു. പോസിറ്റീവ് ഇന്ത്യാ ഹാഷ് ടാഗ് ല്‍ ലക്ഷക്കണക്കിന് പേര്‍ ട്വീറ്റ് ചെയ്തു.. അത് ഏകദേശം നൂറ്റമ്പതു കോടിയിലധികം ആളുകളിലേക്കെത്തി. ഭാരതത്തില്‍ ആരംഭിച്ച സകാരാത്മകതയുടെ തരംഗം വിശ്വമെങ്ങും പരന്നു. വന്ന ട്വീറ്റുകളും പ്രതികരണങ്ങളും സത്യമായും പ്രോത്സാഹനമേകുന്നവയായിരുന്നു. വളരെ സുഖമുള്ള അനുഭവമായിരുന്നു. തങ്ങളുടെ മനസ്സില്‍ വിശേഷാല്‍ സ്വാധീനം ചെലുത്തിയ, സകാരാത്മകമായി സ്വാധീനിച്ച സംഭവങ്ങള്‍ ചിലര്‍ പങ്കുവച്ചു. ചിലര്‍ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ പങ്കുവച്ചു.
ശബ്ദാംശം
എന്റെ പേര് മീനു ഭാടിയ എന്നാണ്. ഞാന്‍ മയൂര്‍ വിഹാര്‍, പോക്കറ്റ് 1, ഫേസ് 1, ദില്ലിയില്‍ താമസിക്കുന്നു. എന്റെ മകള്‍ എം.ബി.എ.യ്ക്കു പഠിക്കാനാഗ്രഹിച്ചു. അതിന് എനിക്ക് ബാങ്ക് ലോണ്‍ വേണമായിരുന്നു. അതെനിക്ക് വളരെ നിഷ്പ്രയാസം കിട്ടി. എന്റെ മകളുടെ വിദ്യാഭ്യാസം തുടര്‍ന്നു.
എന്റെ പേര് ജ്യോതി രാജേന്ദ്ര വാഡേ എന്നാണ്. ഞാന്‍ ബോഡല്‍ എന്ന സ്ഥലത്തുനിന്നാണു സംസാരിക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മാസം തോറും ഒരു രൂപ ഇന്‍ഷുറന്‍സ് പ്രീമിയം തുക പിടിച്ചിരുന്നു. അപകടത്തില്‍ അദ്ദേഹത്തിനു മരണം സംഭവിച്ചു. അപ്പോള്‍ ഞങ്ങളുടെ സ്ഥിതി എന്തായെന്ന് ഞങ്ങള്‍ക്കേ അറിയൂ. സര്‍ക്കാരിന്റെ ഈ സഹായം കൊണ്ട് ഞങ്ങള്‍ക്കു വളരെ പ്രയോജനമുണ്ടായി. അതുകൊണ്ട് എനിക്കൊന്നു പിടിച്ചു നില്‍ക്കാനായി….
എന്റെ പേര് സന്തോഷ് ജാധവ് എന്നാണ്. ഞങ്ങളുടെ ഭിന്നര്‍ ഗ്രാമത്തിലൂടെ 2017 മുതല്‍ നാഷണല്‍ ഹൈവേ പോകുന്നുണ്ട്. അതുകാരണം ഞങ്ങളുടെ റോഡ് വളരെ നല്ലതായി.. ബിസിനസ്സും വര്‍ധിക്കുവാന്‍ പോകുന്നു.
എന്റെ പേര് ദീപാംശു ആഹുജാ, സാദത്ത് ഗംജ്, സഹാരന്‍പൂര്‍ ജില്ല, ഉത്തര്‍ പ്രദേശില്‍ താമസിക്കുന്നു. നമ്മുടെ ഭാരതീയ സൈനികരുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളുണ്ട് – ഒന്ന് പാകിസ്ഥാനില്‍ അവര്‍ നടത്തിയ മിന്നലാക്രമണം. അതിലൂടെ ഭീകരവാദത്തിന്റെ ലോഞ്ചിംഗ് പാഡുകള്‍ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം ഡോക്‌ലാമില്‍ നമ്മുടെ ഭാരതീയ സൈനികര്‍ കാട്ടിയ പരാക്രമം താരതമ്യമില്ലാത്തതാണ്.
എന്റെ പേര് സതീശ് ബേവാനി എന്നാണ്. ഞങ്ങളുടെ പ്രദേശത്ത് വെള്ളത്തിന്റെ കുറവുണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഞങ്ങള്‍ സൈനികരുടെ പൈപ്പ് ലൈനിനെ ആശ്രയിച്ചാണു കഴിഞ്ഞിരുന്നത്. ഇപ്പോള്‍ പ്രത്യേകം പൈപ് ലൈന്‍ ഇട്ടു… 2017 ല്‍ ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായി അത്.
ആളുകളുടെ ജീവിതത്തില്‍ സകാരാത്മകമായ മാറ്റങ്ങള്‍ വരുന്നരീതിയില്‍ തങ്ങളുടേതായ തലത്തില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്ന അനേകരുണ്ട്. വാസ്തവത്തില്‍ നാമെല്ലാം ചേര്‍ന്നു നിര്‍മ്മിക്കുന്ന നവഭാരതം ഇതുതന്നെയാണ്. വരൂ, ഈ ചെറിയ ചെറിയ സന്തോഷങ്ങളുമായി നമുക്ക് നവഭാരതത്തിലേക്കു പ്രവേശിക്കാം, നവവര്‍ഷത്തിനു തുടക്കം കുറിക്കാം. പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം. എല്ലാവരും ശുഭകാര്യങ്ങള്‍ പറയുമ്പോള്‍ എനിക്കും ഒരു കാര്യം നിങ്ങളുമായി പങ്കു വയ്ക്കാന്‍ തോന്നുണ്ട്. അടുത്തയിടെ എനിക്ക് കാശ്മീരില്‍ നിന്നുള്ള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ മുന്‍നിരയില്‍ പാസായ അംജും ബഷീര്‍ ഖാന്‍ ഖട്ടക് ന്റെ പ്രേരണയേകുന്ന കഥയെക്കുറിച്ച് അറിയാനിടയായി. അദ്ദേഹം ഭീകരവാദത്തിന്റെയും വെറുപ്പിന്റെയും വിഷദംശത്തില്‍ നിന്ന് മുക്തനായി കാശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയില്‍ ഏറ്റവും മുന്നിലെത്തി. 1990 ല്‍ ഭീകരവാദികള്‍ അദ്ദേഹത്തിന്റെ പൈതൃകഗൃഹം കത്തിച്ചുകളഞ്ഞിരുന്നുവെന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. അദ്ദേഹത്തിന്റെ കുടുംബത്തിന് തങ്ങളുടെ പൈതൃക ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുംവിധം അധികമായിരുന്നു അവിടെ ഭീകരവാദവും ഹിംസയും. തനിക്കും ചുറ്റും ഹിംസയുടെ ഇങ്ങനെയുള്ള അന്തരീക്ഷമായിരിക്കുമ്പോള്‍ ഒരു ചെറിയ കുട്ടിക്ക് മനസ്സില്‍ ഇരുളടഞ്ഞ വെറുപ്പാകും ജന്മം കൊള്ളുക. പക്ഷേ, അംജും അങ്ങനെ സംഭവിക്കാനിടയാക്കിയില്ല. അദ്ദേഹം ഒരിക്കലും ആശ കൈവിട്ടില്ല. അദ്ദേഹം തനിക്കായി ഒരു വേറിട്ട വഴി തെരഞ്ഞെടുത്തു. ജനങ്ങളെ സേവിക്കയെന്ന വഴി. വിപരീത പരിതസ്ഥിതികളില്‍ നിന്ന് രക്ഷപ്പെട്ട് വിജയത്തിന്റെ കഥ സ്വയം രചിച്ചു. ഇന്ന് അദ്ദേഹം ജമ്മു-കശ്മീരിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ യുവാക്കള്‍ക്ക് പ്രേരണയായിരിക്കയാണ്. ചുറ്റുപാടുകള്‍ എത്രതന്നെ മോശപ്പെട്ടതാണെങ്കിലും സകാരാത്മകമായ ചുവടുവയ്പ്പിലൂടെ നിരാശയുടെ കാര്‍മേഘങ്ങളെ ഇല്ലാതെയാക്കാമെന്ന് അംജും തെളിയിച്ചിരിക്കയാണ്.
കഴിഞ്ഞയാഴ്ച എനിക്ക് ജമ്മു കശ്മീരിലെ ചില പെണ്‍കുട്ടികളെ കാണാന്‍ അവസരമുണ്ടായി. അവരിലുണ്ടായിരുന്ന ആവേശം, ഉത്സാഹം, സ്വപ്നം കാണേണ്ടതായിരുന്നു. അവര്‍ ജീവിതത്തില്‍ ഏതെല്ലാം മേഖലകളില്‍ പുരോഗമിക്കാനാഗ്രഹിക്കുന്നു എന്ന് അവര്‍ പറഞ്ഞതു ഞാന്‍ കേട്ടുകൊണ്ടിരുന്നു. അവര്‍ എത്ര ആശനിറഞ്ഞ ജീവിതം നയിക്കുന്നവരായിരുന്നു! അവരുമായി ഞാന്‍ സംസാരിച്ചു….നിരാശ പേരിനുപോലുമില്ലായിരുന്നു. ഉത്സാഹമായിരുന്നു, ആവേശമായിരുന്നു, ഊര്‍ജ്ജമായിരുന്നു, സ്വപ്നമായിരുന്നു, ദൃഢനിശ്ചയമായിരുന്നു. ആ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചിടത്തോളം സമയം കൊണ്ട് എനിക്കു പ്രേരണ ലഭിച്ചു. ഇതാണ് നാടിന്റെ ശക്തി, ഇവരാണ് എന്റെ യുവാക്കള്‍, ഇവരാണ് എന്റെ രാജ്യത്തിന്റെ ഭാവി എന്നെനിക്കു തോന്നി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്റെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിലെതന്നെ പ്രസിദ്ധമായ ധാര്‍മ്മിക സ്ഥലങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ കേരളത്തിലെ ശബരിമല ക്ഷേത്രത്തെക്കുറിച്ചു പറയുക സ്വാഭാവികമാണ്. വിശ്വപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ ഭഗവാന്‍ അയ്യപ്പസ്വാമിയുടെ ആശീര്‍വ്വാദം ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും കോടിക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ഇത്രത്തോളം അധികം ഭക്തരെത്തുന്ന, ഇത്രത്തോളം മാഹാത്മ്യമുള്ള സ്ഥലത്ത് മാലിന്യമില്ലാതെ കാക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയാകാം? പര്‍വ്വതങ്ങളും കാടുമുള്ള പ്രദേശമാണെങ്കില്‍ വിശേഷിച്ചും പറയാനുണ്ടോ? പക്ഷേ, ഈ പ്രശ്‌നത്തെയും ഒരു സംസ്‌കാരമാക്കി എങ്ങനെ മാറ്റാം, ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം എങ്ങനെ കണ്ടെത്താം, ജനങ്ങളുടെ സഹകരണത്തിന് ഇത്രയും ശക്തിയുണ്ടാകുമോ എന്നതിനെല്ലാം ഉദാഹരണമെന്നപോലെയാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്. പി.വിജയന്‍ എന്നു പേരുള്ള ഒരു പോലീസ് ഓഫീസര്‍ പുണ്യം പൂങ്കാവനം എന്ന പേരില്‍ ഒരു പരിപാടി ആരംഭിച്ചു. ആ പരിപാടി അനുസരിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ജാഗരൂകതയുടെ ഒരു സ്വാശ്രയമുന്നേറ്റം ആരംഭിച്ചിരിക്കയാണ്. ഏതൊരു ഭക്തന്‍ വന്നാലും ശുചിത്വത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ശാരീരിക പരിശ്രമം ചെയ്യാതെ യാത്ര പൂര്‍ത്തിയാകുകയില്ല എന്ന ഒരു ശീലം ഉണ്ടാക്കിയിരിക്കയാണ്. ഈ മുന്നേറ്റത്തില്‍ വലിയവരുമില്ല, ചെറിയവരുമില്ല. എല്ലാ ഭക്തരും ഭഗവാന്റെ പൂജയുടെ തന്നെ ഭാഗമാണെന്നു കണക്കാക്കി കുറച്ചു സമയം ശുചിത്വത്തിനുവേണ്ടി നീക്കി വയ്ക്കുന്നു, ജോലി ചെയ്യുന്നു, മാലിന്യം നീക്കാനായി പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രഭാതങ്ങളിലും ഇവിടെ മാലിന്യം നീക്കുന്നതിന്റെ ദൃശ്യം വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്, തീര്‍ത്ഥാടകരെല്ലാം ഇതില്‍ പങ്കാളികളാകുന്നു. എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും എത്രവലിയ ധനികനാണെങ്കിലും എത്ര വലിയ ഓഫീസറാണെങ്കിലും എല്ലാവരും സാധാരണ ഭക്തരെപ്പോലെ പുണ്യം പൂങ്കാവനം എന്ന പരിപാടിയില്‍ പങ്കാളിയാകുന്നു, ശുചീകരണം നടത്തിയിട്ടേ മുന്നോട്ടു പോവുകയുള്ളൂ. നമ്മുടെ മുന്നില്‍ ഇത്തരം വളരെയേറെ ഉദാഹരണങ്ങളുണ്ട്. ശബരിമലയില്‍ ഇത്രത്തോളമുള്ള ശുചിത്വമുന്നേറ്റത്തില്‍ പുണ്യം പൂങ്കാവനം എന്നത് എല്ലാ ഭക്തരുടെയും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മാറുന്നു. അവിടെ കടുത്ത വ്രതത്തോടൊപ്പം ശുചിത്വം വേണമെന്ന ദൃഢനിശ്ചയവും ഒരുമിച്ചു മുന്നേറുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതം, മാലിന്യമുക്തഭാരതമെന്ന പൂജനീയ ബാപ്പുജിയുടെ അപൂര്‍ണ്ണമായ യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് 2014 ഒക്‌ടോബര്‍ 2 ന് ബാപ്പുജിയുടെ ജന്മജയന്തിക്ക് നാം ഒരു ദൃഢനിശ്ചയം എടുക്കുകയുണ്ടായി. ബാപ്പുജി ജീവിതം മുഴുവന്‍ ഈ ഒരൂ കാര്യത്തിനുവേണ്ടി അധ്വാനിച്ചു, പരിശ്രമിച്ചു. ബാപ്പുജിയുടെ നൂറ്റി അന്‍പതാം ജയന്തിക്ക് നാം അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഭാരതം, സ്വച്ഛഭാരതം നല്‍കുന്നതിനായി എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് നിശ്ചയിച്ചിരുന്നു. ശുചിത്വത്തിന്റെ കാര്യത്തില്‍ രാജ്യമെങ്ങും വ്യാപകമായ രീതിയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗ്രാമീണമേഖലയിലും നഗരമേഖലയിലും വ്യാപകമായ രീതിയില്‍ ജനങ്ങളുടെ സഹകരണം കൊണ്ട് മാറ്റം കാണാന്‍ തുടങ്ങിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ശുചിത്വത്തിന്റെ നിലവാരത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയിട്ടുള്ള നേട്ടം വിലയിരുത്തുന്നതിന് വരുന്ന ജനുവരി 4 നും മാര്‍ച്ച് 10 നുമിടയില്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വേ- സ്വച്ഛ സര്‍വ്വേക്ഷണ്‍ 2018 നടത്തപ്പെടും. ഈ സര്‍വ്വേ നാലായിരത്തിലധികം നഗരങ്ങളില്‍ ഏകദേശം നാല്‍പ്പതുകോടി ജനങ്ങള്‍ക്കിടയിലാകും നടത്തപ്പെടുക. ഈ സര്‍വ്വേയില്‍ നഗരങ്ങളെ വെളിയിട വിസര്‍ജ്ജന മുക്തമാക്കല്‍, മാലിന്യസംഭരണം, മാലിന്യം എടുത്തുകൊണ്ടുപോകാനുള്ള വാഹനത്തിന്റെ ഏര്‍പ്പാട്, ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്‌കരണം, ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലുള്ള പ്രയാസങ്ങള്‍, ശേഷി വികസനം, ശുചിത്വത്തിനായി നടത്തിയ നൂതനമായ പരിശ്രമങ്ങള്‍, ഇക്കാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തം എന്നീ കാര്യങ്ങളാകും വിശകലനം ചെയ്യപ്പെടുക. ഈ സര്‍വ്വേയ്ക്കിടയില്‍ വെവ്വേറെ സംഘങ്ങള്‍ നഗരങ്ങളുടെ പരിശോധന നടത്തും. പൗരന്മാരുമായി സംസാരിച്ച് അവരുടെ പ്രതികരണം അറിയും. സ്വച്ഛതാ ആപ് ന്റെ ഉപയോഗത്തെക്കുറിച്ചും വിവിധ തരത്തിലുള്ള സേവനകേന്ദ്രങ്ങളുടെ നവീകരണത്തെക്കുറിച്ചും വിശകലനം നടത്തും. നഗരത്തിലെ ശുചിത്വം ജനങ്ങളുടെ സ്വഭാവമായി മാറാന്‍, നഗരത്തിന്റെ സ്വഭാവമായി മാറാന്‍ വേണ്ട എല്ലാ ഏര്‍പ്പാടുകളും നഗരത്തില്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടും. ശുചീകരണം സര്‍ക്കാര്‍ നടത്തട്ടെ എന്നാവരുത്. എല്ലാ പൗരന്മാര്‍ക്കും പൗരന്മാരുടെ സംഘടനകള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. വരും ദിനങ്ങളില്‍ നടക്കാന്‍ പോകുന്ന സ്വച്ഛതാ സര്‍വ്വേയില്‍ ഉത്സാഹത്തോടെ പങ്കെടുക്കണം എന്നാണ് എനിക്ക് എല്ലാ ജനങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത്. നിങ്ങളുടെ നഗരം പിന്നിലാകാതിരിക്കാന്‍, നിങ്ങളുടെ തെരുവും ഗ്രാമവും പിന്നിലാകാതിരിക്കാന്‍ വേണ്ട പരിശ്രമം ചെയ്യുക. വീട്ടിലെ ചപ്പു ചവറുകള്‍ ഉണങ്ങിയതും ഈര്‍പ്പമുള്ളതും വേര്‍തിരിച്ച് നീല-പച്ച കൂടകളില്‍ ഇടുന്ന കാര്യത്തില്‍ ഇപ്പോള്‍ ശീലമായിക്കാണും എന്നെനിക്കു വിശ്വാസമുണ്ട്. ചപ്പുചവറുകളെ സംബന്ധിച്ചിടത്തോളം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, റീ-സൈക്കിള്‍ ചെയ്യുക (റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍) എന്ന സിദ്ധാന്തം വളരെ ഗുണമുള്ളതാണ്. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളുടെ റാങ്കിംഗ് നടത്തപ്പെടും- നിങ്ങളുടെ നഗരം ഒരുലക്ഷത്തിലധികം ജനങ്ങളുള്ളതാണെങ്കില്‍ രാജ്യതലത്തിലുള്ള റാങ്കിംഗില്‍, ഒരു ലക്ഷത്തില്‍ കുറച്ച് ജനസംഖ്യയുള്ളതാണെങ്കില്‍ പ്രാദേശിക റാങ്കിംഗില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടുക എന്നത് നിങ്ങളുടെ സ്വപ്നമായിരിക്കണം, നിങ്ങള്‍ അതിനുള്ള പരിശ്രമം നടത്തണം. ജനുവരി 4 മുതല്‍ മാര്‍ച്ച് 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ശുചിത്വ സര്‍വ്വേയില്‍ മാലിന്യമുക്തിക്കുള്ള ഈ ആരോഗ്യപൂര്‍ണ്ണമായ മത്സരത്തില്‍ നിങ്ങള്‍ പിന്നോക്കമായിപ്പോകാതിരിക്കാന്‍ ഇത് എല്ലാ നഗരത്തിലും ഒരു പൊതു ചര്‍ച്ചയുടെ വിഷയമാകണം. നമ്മുടെ നഗരം, നമ്മുടെ പരിശ്രമം, നമ്മുടെ പുരോഗതി, നാടിന്റെ പുരോഗതി എന്നത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. വരൂ, ഈ ദൃഢനിശ്ചയത്തോടെ ഒരിക്കല്‍ കൂടി ബാപ്പുജിയെ ഓര്‍മ്മിച്ചുകൊണ്ട് സ്വച്ഛഭാരതമെന്ന ദൃഢനിശ്ചയത്തോടെ ഏറ്റവും നല്ല ഉദ്യമങ്ങള്‍ അതിനായി വിനിയോഗിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ കാഴ്ചയ്ക്ക് വളരെ ചെറുതായി തോന്നാമെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ വ്യക്തിത്വത്തിന്റെ മേല്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നു. ഇന്ന് മന്‍ കീ ബാത്തിന്റെ ഈ പരിപാടിയില്‍ക്കൂടി ഞാന്‍ നിങ്ങളുമായി അങ്ങനെയൊരു കാര്യം പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഒരു മുസ്ലീം സ്ത്രീ ഹജ് യാത്രയ്ക്കായി പോകാനാഗ്രഹിക്കുന്നു, പക്ഷേ മഹ്‌റം, അതായത് പുരുഷസംരക്ഷണയില്ലാതെ അവര്‍ക്കുപോകാന്‍ സാധിക്കില്ല എന്ന വിവരം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതെക്കുറിച്ച് ആദ്യമായി കേട്ടപ്പോല്‍ ഇതെങ്ങനെ ഇങ്ങനെയാകും എന്നാണു ചിന്തിച്ചത്. ഇങ്ങനെയൊരു നിയമം ആരുണ്ടാക്കിയതാകും? ഈ തരംതിരിവ് എന്തുകൊണ്ട്? അതിന്റെ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുശേഷവും ഇങ്ങനെയൊരു നിയന്ത്രണം വച്ചിരിക്കുന്നത് നമ്മള്‍ തന്നെയാണ്. ദശകങ്ങളായി മുസ്ലീം സ്ത്രീകളോട് അനീതി നടക്കുകയായിരുന്നു, പക്ഷേ, ആരും ഇതെക്കുറിച്ച് ചര്‍ച്ച പോലും ചെയ്തില്ല. പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിയമമില്ല. പക്ഷേ, ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെ ഹജിനു പോകാനുള്ള അവകാശമില്ലായിരുന്നു. നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി. നമ്മുടെ ന്യൂനപക്ഷ കാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്തു, എഴുപതു വര്‍ഷമായി നടന്നു വരുന്ന രീതി അവസാനിപ്പിച്ച്, ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ന് മുസ്ലീം സ്ത്രീകള്‍ക്ക് മഹ്‌റം കൂടാതെതന്നെ ഹജിനു പോകാം. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ മഹഹ്‌റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്കിയിരിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്നും, കേരളം മുതല്‍ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉത്സാഹത്തോടെ ഹജ്ജ്് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ഒറ്റയ്ക്കു പോകുവാന്‍ അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് ഞാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പൊതുവെ ഹജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്കുന്ന സ്ത്രീകളെ ഈ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേകവിഭാഗമായി പരിഗണിച്ച് അവസരം നല്കണമെന്നുമാണ് ഞാനാഗ്രഹിക്കുന്നത്. ഭാരതത്തിന്റെ വികസനയാത്ര, നമ്മുടെ സ്ത്രീശക്തിയുടെ ബലത്തില്‍, അവരുടെ പ്രതിഭയുടെ അടിസ്ഥാനത്തില്‍ മുന്നേറിയിട്ടുണ്ട്. ഇനിയും മുന്നേറുകതന്നെ ചെയ്യും എന്ന് ഞാന്‍ ഉറച്ച വിശ്വാസത്തോടെ പറയുന്നു. നമ്മുടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കു തുല്യമായ അവകാശങ്ങള്‍ ലഭിക്കണമെന്നും, തുല്യമായ അവസരങ്ങള്‍ ലഭിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. പുരോഗതിയുടെ പാതയില്‍ ഒരുമിച്ചു മുന്നേറാനുമാകണം നമ്മുടെ നിരന്തരമുള്ള പരിശ്രമം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജനുവരി 26 നമ്മെ സംബന്ധിച്ചിടത്തോളം ചരിത്രംരചിച്ച ആഘോഷദിനമാണ്. എന്നാല്‍ ഈ 2018 ജനുവരി 26 വിശേഷാല്‍ ഓര്‍മ്മയില്‍ വയ്ക്കപ്പെടും. ഈ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷവേളയിലേക്ക് പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കന്മാര്‍ മുഖ്യാതിഥികളായി ഭാരതത്തില്‍ വരും. റിപ്പബ്ലിക് ദിനത്തില്‍ ഇപ്രാവശ്യം ഒന്നല്ല, പത്ത് മുഖ്യാതിഥികളാണുണ്ടാവുക. ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്‍ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ടതായിരുന്നു. ആസിയാന്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, 2017 ല്‍ത്തന്നെയാണ് ആസിയാനുമായി ഭാരതത്തിന്റെ സഖ്യത്തിന് 25 വര്‍ഷം പൂര്‍ത്തിയായത്. 26 ജനുവരിയില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ നിന്നുള്ള ഈ മഹാന്മാരായ നേതാക്കന്മാര്‍ ഒരുമിച്ചു ചേരുക എന്നത് നാം എല്ലാ ഭാരതീയരെ സംബന്ധിച്ചിടത്തോളവും അഭിമാനകരമായ കാര്യമാണ്.
പ്രിയപ്പെട്ട ദേശവാസികളേ, ഇത് ഉത്സവങ്ങളുടെ സീസണാണ്. ഒരുതരത്തില്‍ നമ്മുടെ രാജ്യംതന്നെ ഉത്സവങ്ങളുടെ രാജ്യമാണ്. ഉത്സവവുമായി ബന്ധപ്പെടാത്ത ഒരു ദിവസം പോലും ഉണ്ടായെന്നു വരില്ല. നാം ഇപ്പോള്‍ ക്രിസ്തുമസ് ആഘോഷിച്ചതേയുള്ളൂ, പുതുവര്‍ഷം ഇതാ വരാന്‍ പോകുന്നു. വരുന്ന പുതുവര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും സന്തോഷവും സുഖവും സമൃദ്ധിയും കൊണ്ടുവരട്ടെ. നമുക്ക് പുതിയ ഉന്മേഷത്തോടും, പുതിയ ഉത്സാഹത്തോടും സന്തോഷത്തോടും പുതിയ ദൃഢനിശ്ചയത്തോടും മുന്നേറാം, രാജ്യത്തെ മുന്നോട്ടു നയിക്കാം. ജനുവരി മാസം സൂര്യന്‍ ഉത്തരായനത്തിലേക്കു നീങ്ങുന്ന കാലമാണ്, ഈ മാസത്തിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. ഇത് പ്രകൃതിയുമായി ബന്ധപ്പെട്ട ആഘോഷമാണ്. ഒരു തരത്തില്‍ നമ്മുടെ എല്ലാ ആഘോഷങ്ങളും ഏതെങ്കിലും രീതിയില്‍ പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ സംസ്‌കാരത്തില്‍ പ്രകൃതിയിലെ ഈ അത്ഭുത സംഭവത്തെ വെവ്വേറെ രീതികളില്‍ ആഘോഷിക്കുന്ന രീതിയുമുണ്ട്. പഞ്ചാബിലും ഉത്തരഭാരതത്തിലും ലോഹഡി ആഘോഷിക്കപ്പെടുമ്പോള്‍ യു.പി.യും ബീഹാറും ഖിചഡിയുടെയും തില-സംക്രാന്തിയുടെയും ആഘോഷത്തെയാണു കാത്തിരിക്കുന്നത്. രാജസ്ഥാനില്‍ സംക്രാന്ത് എന്നു പറയും, അസമില്‍ മാഘ-ബിഹു, തമിഴ് നാടില്‍ പൊങ്കല്‍ – തുടങ്ങി എല്ലാ ഉത്സവങ്ങളും അതിന്റെതായ രീതിയില്‍ വിശേഷപ്പെട്ടതാണ്, അവയ്ക്ക് അവയുടേതായ പ്രാധാന്യവുമുണ്ട്. ഈ ഉത്സവങ്ങളെല്ലാം ജനുവരി 13 നും ജനുവരി 17 നും ഇടയിലാണ് ആഘോഷിക്കപ്പെടുന്നത്. ഈ ഉത്സവങ്ങളുടെയെല്ലാം പേരുകള്‍ വെവ്വേറെയാണെങ്കിലും അടിസ്ഥാന തത്വങ്ങള്‍ ഒന്നുതന്നെയാണ്. പ്രകൃതിയുമായും കൃഷിയുമായുമുള്ള ബന്ധം.
എല്ലാവര്‍ക്കും അനേകം ഉത്സവാശംസകള്‍ നേരുന്നു. പുതുവര്‍ഷം 2018 ന്റെ അനേകാനാകം ആശംസകള്‍ ഒരിക്കല്‍ കൂടി.
വളരെ വളരെ നന്ദി, പ്രിയപ്പെട്ട ജനങ്ങളേ. ഇനി 2018 ല്‍ വീണ്ടും സംസാരിക്കാം.
നന്ദി.